ന്യൂദല്‍ഹി: കന്നുകാലികളുടെ വിഷയത്തിലുള്ള ആളുകളുടെ സമീപനത്തിലെ വൈരുധ്യത്തെക്കുറിച്ച് ചൂണ്ടിക്കാട്ടി സുപ്രീം കോടതി. കന്നുകാലികളെ കൊണ്ടുള്ള സാമ്പത്തിക പ്രയോജനം കുറയുമ്പോള്‍ ആളുകള്‍ അതിനെ വഴിയില്‍ ഉപേക്ഷിക്കുന്നുവെന്നും അതിന്റെ സുരക്ഷയെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ തെരുവില്‍ അലയാന്‍ വിടുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.
എന്നാല്‍ ആരെങ്കിലും അതിനെ ഭക്ഷണമാക്കാന്‍ ഉപയോഗിക്കുമ്പോള്‍ മാത്രം ഇത്തരക്കാര്‍ക്ക് അമര്‍ഷമുണ്ടാവുന്നുവെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. തെരുവ് കന്നുകാലികള്‍ മൂലമുണ്ടാവുന്ന അപകടങ്ങളെക്കുറിച്ചുള്ള വിഷയം പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ വിഷയം പരിഹരിക്കുന്നതിനുള്ള നടപടികളും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മൃഗങ്ങളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ആളുകള്‍ അതിന്റെ ജീവിതകാലം മുഴുവന്‍ പരിപാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് എന്‍ കോട്ടിശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
‘ ഒരു വശത്ത് മൃഗങ്ങളെ അവയുടെ സുരക്ഷയെക്കുറിച്ച് ഒരു ആകുലതയുമില്ലാതെ തെരുവില്‍ ഉപേക്ഷിക്കുന്നു. മറുവശത്ത് ആരെങ്കിലും അതിനെ കഴിക്കാന്‍ എടുക്കുമ്പോള്‍ വികാരനിര്‍ഭരരാവുന്നു. ഒരുപക്ഷേ കുറവുകള്‍ നിറഞ്ഞ ഈ ലോകത്തിന്റെ സവിശേഷതയായിരിക്കാം അതും,’ സുപ്രീം കോടതി പറഞ്ഞു.
വളര്‍ത്ത് മൃഗങ്ങളും മറ്റ് മൃഗങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നും റോഡുകളിലും മറ്റും അലഞ്ഞ് തിരിയുന്ന കന്നുകാലികള്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി വളര്‍ത്തുന്നവയാണെന്നും കോടതി പറഞ്ഞു.
എന്നാല്‍ അവയുടെ ഉത്പാദനക്ഷമത കുറയുകയോ ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ട് കഴിയുകയോ ചെയ്താല്‍ തെരുവിലുപേക്ഷിക്കുകയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കന്നുകാലികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി, ദേശീയ പാതകളിലും മറ്റ് റോഡുകളിലും തെരുവുകളിലും വഴിയെ പോകുന്നവര്‍ക്ക് തടസമായി വെക്കാന്‍ നിര്‍മിച്ചിട്ടുള്ള ‘നാച്ചുറല്‍ സ്പീഡ് ബ്രേക്കറുകള്‍’ അല്ല കന്നുകാലികള്‍ എന്നും പറഞ്ഞു.
സമീപവര്‍ഷങ്ങളില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 1,300-ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.
കന്നുകാലികളുടെ സംരക്ഷണ നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, തെരുവ് കന്നുകാലികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍പെടുന്ന ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സംവിധാനം രൂപീകരിക്കാനും കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ, കന്നുകാലികള്‍ക്ക് ‘ടാഗിംങ്’ ഏര്‍പ്പെടുത്താനും, കന്നുകാലി സങ്കേതങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഡിജിറ്റല്‍ രേഖകള്‍ സൂക്ഷിക്കാനും, മൃഗങ്ങളെ സുരക്ഷിതമായി പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതില്‍ ഉടമസ്ഥരുടെ ഉത്തരവാദിത്തം ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു. ഈ വിധിയുടെ പകര്‍പ്പ് ആവശ്യമായ നടപടികള്‍ക്കായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ചുകൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2007ല്‍ പഞ്ചാബില്‍ അലഞ്ഞുതിരിഞ്ഞു നടന്ന കാളയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് എന്‍. കോട്ടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
മരിച്ചയാളുടെ വിധവയ്ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച കോടതി, തെരുവ് കന്നുകാലികള്‍ പൊതുനിരത്തുകളില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചയിലേക്ക് കടക്കുകയായിരുന്നു
Content Highlight: People abandon cattle on the streets, yet become emotional if someone consumes them: Supreme Court.