വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ചതായി പറയപ്പെടുന്ന മൈനുകള്‍ നീക്കം ചെയ്യുന്നത് അതീവ സങ്കീര്‍ണ്ണമാണെന്നും ഇതിന് കുറഞ്ഞത് ആറുമാസമെങ്കിലും എടുത്തേക്കാമെന്നും യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍.
അമേരിക്കയും ഇറാനും തമ്മിലുള്ള ഔദ്യോഗിക യുദ്ധം അവസാനിക്കാതെ ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയില്ലെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ആഗോള എണ്ണ വിതരണത്തിലെ തടസ്സങ്ങളും ഇന്ധനവില വര്‍ദ്ധനവും ഈ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
ഹോര്‍മുസ് കടലിടുക്കിലും പരിസരത്തുമായി ഇറാന്‍ 20ഓളം മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പെന്റഗണിന്റെ രഹസ്യവിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ചിലത് അത്യാധുനികമായ ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വിദൂര നിയന്ത്രിതമായി വിന്യസിച്ചവയാണ്. ഇത്തരം മൈനുകള്‍ കണ്ടെത്തുന്നത് നിലവിലുള്ള നാവിക സംവിധാനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മാര്‍ച്ച് മാസത്തോടെയാണ് ഇറാന്‍ കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിച്ചു തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. കടലിടുക്കിലൂടെ പോകുന്ന വലിയ കപ്പലുകള്‍ ലക്ഷ്യം വെച്ച് ഈ സമയങ്ങളില്‍ ആക്രമണം നടന്നിരുന്നു. ചില വലിയ കപ്പലുകള്‍ തകരുകയോ മുങ്ങുകയോ ചെയ്തപ്പോള്‍ ആ ഭാഗത്ത് വലിയ തിരച്ചിലുകളും നിരീക്ഷണങ്ങളും നടന്നു. ആ ബഹളങ്ങള്‍ക്കിടയിലോ ആ സാഹചര്യം മുതലെടുത്തോ ചെറിയ ബോട്ടുകള്‍ കടലിലേക്ക് ഇറക്കി.
ഈ ചെറിയ ബോട്ടുകള്‍ ഉപയോഗിച്ച് കടലിനടിയില്‍ മൈനുകള്‍ സ്ഥാപിച്ചെന്നാണ് കരുതപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കടലിടുക്ക് ഒരു മാസം മുതല്‍ ആറുമാസം വരെ വളരെ എളുപ്പത്തില്‍ തടസ്സപ്പെടുത്താന്‍ ഇറാന് സാധിക്കുമെന്ന ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ വിലയിരുത്തലിനെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ തങ്ങള്‍ മൈനുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും ഇത് അമേരിക്കയുടെ വെറും പ്രചാരണം മാത്രമാണെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മാജിദ് തഖ്ത്-റവാഞ്ചി പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ വന്നിരുന്നു.
എന്നാല്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് പ്രദേശത്തെ ‘സുരക്ഷിത പാതകള്‍’ വ്യക്തമാക്കുന്ന മാപ്പുകള്‍ പുറത്തിറക്കിയത് മൈന്‍ സാന്നിധ്യമുള്ളതുകൊണ്ടാണെന്ന വിലയിരുത്തലിലുകളുമുണ്ട്.
അതേസമയം, കോണ്‍ഗ്രസിന് നല്‍കിയ വിവരങ്ങള്‍ ‘കൃത്യമല്ല’ എന്ന വാദവുമായി പെന്റഗണ്‍ രംഗത്തെത്തിയിട്ടുണ്ട്. വാഷിങ്ടണ്‍ പോസ്റ്റ് സത്യത്തേക്കാള്‍ ഉപരിയായി സ്വന്തം അജണ്ടകള്‍ പ്രചരിപ്പിക്കുകയാണെന്ന് പെന്റഗണ്‍ വക്താവ് ആരോപിച്ചു.
ഹെലികോപ്റ്ററുകളും ഡ്രോണുകളും ഡൈവര്‍മാരെയും ഉപയോഗിച്ച് മൈനുകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, യുദ്ധം അവസാനിക്കാതെ പൂര്‍ണമായി മൈനുകള്‍ നീക്കം ചെയ്യല്‍ സാധ്യമല്ലെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നാണ് ഇവരുടെ വാദം.
ലോകത്തിലെ പ്രതിദിന എണ്ണ, ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഈ പാതയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് സുഗമമായിരുന്ന ഈ പാത യു.എസും ഇസ്രഈലും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് പ്രശ്‌നബാധിത മേഖലയായി മാറിയത്.
ഷിപ്പിങ് കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ക്കും ഇടയിലുള്ള സുരക്ഷാ ആശങ്കകള്‍ കാരണം എണ്ണക്കപ്പലുകള്‍ ഈ പാത ഉപയോഗിക്കാന്‍ മടിക്കുന്നത് വിപണിയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുന്നുണ്ട്.
മാത്രമല്ല അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തിലും ഹോര്‍മുസ് പ്രതിസന്ധി വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ധനവില വര്‍ധനവ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വലിയ തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഗാലണിന് 2.98 ഡോളറായിരുന്ന ഗ്യാസ് വില ഇപ്പോള്‍ 4.02 ഡോളറായി ഉയര്‍ന്നു കഴിഞ്ഞു.
സംഘര്‍ഷം കാരണം അമേരിക്കന്‍ ജനതയ്ക്ക് പ്രതിദിനം 300 മില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. വേനല്‍ക്കാലത്തോടെ ചിലയിടങ്ങളില്‍ വില 8 ഡോളര്‍ വരെ ഉയര്‍ന്നേക്കാം.
ഇറാന്‍ ആണവ പദ്ധതി അവസാനിപ്പിക്കണമെന്നും കടലിടുക്ക് പൂര്‍ണമായി തുറക്കണമെന്നും ട്രംപ് ആവശ്യപ്പെടുമ്പോള്‍, യു.എസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് ഇറാന്റെ നിലപാട്.
Content Highlight: Pentagon says mine clearing at Strait of Hormuz may take 6 months