നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റോഡ് ഷോയ്ക്കിടെ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി. സര്‍ക്കാര്‍ പെന്‍ഷന്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് കൊടുക്കുന്നതെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അല്ല പെന്‍ഷന്‍ നല്‍കേണ്ടതെന്നും കൃത്യമായ സമയത്ത് ലഭിക്കേണ്ടതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പെന്‍ഷന്‍ ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും സംസ്ഥാനത്ത് മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും വയനാട് എം.പി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലും രാജ്യത്തിനാകമാനവും ജനത്തിന് മുകളില്‍ രാഷ്ട്രീയം കൊണ്ടുവരുന്നുവെന്നും ആശാവര്‍ക്കര്‍മാരുടെ ആനുകൂല്യവും പെന്‍ഷനും രാഷ്ട്രീയവത്ക്കരിക്കാന്‍ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു.
മനുഷ്യ ജീവന്റെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും സംസ്ഥാനത്ത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന സര്‍ക്കാര്‍ വരേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് പ്രചരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തിയത്. ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ്. ഈ മാസം 23ന് വോട്ടെണ്ണലുമുണ്ടാവും.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തുമാണ് മത്സരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മോഹന്‍രാജും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പി.വി അന്‍വറും നിലമ്പൂരില്‍ മത്സരിക്കുന്നുണ്ട്. പി.വി അന്‍വര്‍ രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Content Highlight: Pension should be given on time, not just when elections are approaching: Priyanka Gandhi criticizes