| Friday, 24th July 2026, 8:33 pm

ശരീരത്തില്‍ 30 പെല്ലറ്റുകള്‍; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സമരത്തിനിടെ പൊലീസ് അതിക്രമം നേരിട്ട മാധ്യമപ്രവര്‍ത്തകന്‍

റെന്വര്‍ പി

ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി ആഹ്വാനം ചെയ്ത പാര്‍ലമെന്റ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകന് പൊലീസില്‍ നിന്ന് പെല്ലെറ്റ് ആക്രമണമുണ്ടായെന്ന് തെളിയിക്കുന്ന ദല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങള്‍ പുറത്ത്. ദ സ്‌ക്രോള്‍, ദ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ മാധ്യമങ്ങള്‍ ആശുപത്രി റിപ്പോര്‍ട്ടിന്റെ നിന്നുള്ള വിശദാംശങ്ങള്‍ പുറത്ത് വിട്ടു.

ഔട്ട്‌ലുക്ക് മാസികയുടെ സ്‌പോട്‌സ് ജേണലിസ്റ്റാണ് ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കഴിയുന്നത്. അദ്ദഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പെല്ലെറ്റ് ആക്രമണം സ്ഥിരീകരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെല്ലെറ്റാക്രമണത്തിന്റെ 26 ചെറിയ മുറിവുകള്‍ മാധ്യമപ്രവര്‍ത്തകന്റെ ശരീരത്തിലുള്ളതായി സഫ്ദര്‍ ജംഗ് ആശുപത്രിയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചതായി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ത്ഥി സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തിങ്കളാഴ്ചയാണ് മാധ്യമപ്രവര്‍ത്തകന് നേര്‍ക്ക് പൊലീസിന്റെ ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ ശരീരത്തിന്റെ വലത് ഭാഗത്ത് പെല്ലറ്റ് ആക്രമണത്തിന്റെ മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി സ്‌ക്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജന്തര്‍ മന്ദറില്‍ പൊലീസ് പെല്ലറ്റാക്രമണം നടത്തിയെന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവാണ് മാധ്യമപ്രവര്‍ത്തകന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടെന്നും സ്‌ക്രോള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജന്തര്‍ മന്ദറില്‍ വെച്ച് പെല്ലറ്റ് ഗണ്ണുകൊണ്ടുള്ള ആക്രമണം നേരിട്ടുവെന്ന് മാധ്യമപ്രവര്‍ത്തകന്റെ ആശുപത്രി രേഖകളില്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വലത് കൈ, നെഞ്ച്, മുതുക് എന്നിവിടങ്ങളില്‍ മുറിവുള്ളതായും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്.

പെല്ലറ്റുകള്‍കൊണ്ടുണ്ടാവുന്ന തരം ഒരേപോലുള്ള മുറിവുകളാണിതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ ശരീരത്തിലെ പെല്ലെറ്റുകള്‍ ശസ്ത്രക്രിയ ചെയ്യുന്നത് അപകടകരമാവുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായി മാധ്യമപ്രവര്‍ത്തകനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തന്റെ ശരീരത്തില്‍ ധാരാളം പെല്ലെറ്റുകളുള്ളതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അവ നീക്കം ചെയ്താല്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുകയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും അദ്ദേഹം അറിയിച്ചു.

എണ്ണി നോക്കിയപ്പോള്‍ ശരീരത്തില്‍ 30ഓളം പെല്ലറ്റുകളുള്ളതായി തനിക്ക് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്കേറ്റ പരിക്കിന് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അറിയിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ദല്‍ഹി ജന്തര്‍ മന്ദറില്‍ സമരക്കാര്‍ക്ക് നേര്‍ക്ക് പെല്ലെറ്റ് ആക്രമണമുണ്ടായിട്ടില്ല എന്നാണ് ദല്‍ഹി പൊലീസ് അവകാശപ്പെടുന്നത്. തങ്ങളുടെ കൈവശം പെല്ലറ്റ് ഗണ്ണുകളില്ല എന്നും പെല്ലറ്റ് ആക്രമണം തങ്ങള്‍ നടത്താറില്ല എന്നും വ്യക്തമാക്കിക്കൊണ്ടുള്ള പ്രസ്താവനയും ദല്‍ഹി പൊലീസ് പുറത്തിറക്കിയിരുന്നു.

എന്നാല്‍ ജന്തര്‍ മന്ദറില്‍ ദല്‍ഹി പൊലീസിനൊപ്പം സെന്‍ട്രല്‍ റിസര്‍വ് പൊലീസിന് കീഴിലുള്ള റാപിഡ് ആക്ഷന്‍ ഫോഴ്‌സുമുണ്ടായിരുന്നു. വിദ്യാര്‍ത്ഥി സമരത്തിന് നേര്‍ക്ക് റാപിഡ് ആക്ഷന്‍ ഫോഴ്‌സ് പെല്ലറ്റ് ആക്രമണം നടത്തിയെന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ സി.ആര്‍.പി.എഫ് ആഭ്യന്തര അന്വേഷണം നടത്തുന്നതായാണ് വിവരം. ഈ വിഷയത്തില്‍ അന്വേഷണത്തിനായി റിസര്‍വ് പൊലീസിന്റെ ഐജിക്ക് സി.ആര്‍.പി.എഫ് നിര്‍ദേശം നല്‍കിയതായി ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Pellet wounds on journalist covering students’ protests- Delhi hospital reports

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more