| Tuesday, 28th July 2026, 8:28 pm

എഴുതിയത് അങ്ങനെയാണെങ്കിലും വായിക്കേണ്ടത് അങ്ങനെയല്ല, പേര്‍ളിയുടെ ന്യായീകരണ/ മാപ്പ് പറച്ചില്‍ വീഡിയോക്ക് ട്രോള്‍

അമര്‍നാഥ് എം.

ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം അവസാനിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ അതിന്റെ അലയൊളികള്‍ അവസാനിച്ചിട്ടില്ല. ഇന്ത്യ മുഴുവന്‍ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ സമരത്തെ അനുകൂലിച്ചും എതിര്‍ത്തും ധാരാളമാളുകള്‍ രംഗത്തെത്തി. ഇതിനിടയില്‍ അങ്ങുമിങ്ങും തൊടാതെ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചവരില്‍ ഒരാളായിരുന്നു പേര്‍ളി മാണി.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോടുള്ള കരുതലായിരുന്നു പേര്‍ളി പങ്കുവെച്ച പോസ്റ്റിലുണ്ടായിരുന്നത്. ജീവന്‍ അപകടത്തിലാണെങ്കില്‍ വീട്ടിലേക്ക് മടങ്ങണമെന്നെല്ലാം പറഞ്ഞ പോസ്റ്റിന് വലിയ തിരിച്ചടിയായിരുന്നു ലഭിച്ചത്. നെഗറ്റീവ് കമന്റുകള്‍ക്ക് പിന്നാലെ ‘കാവിയാണ് തന്റെ ഇഷ്ടനിറം’ എന്ന് പറഞ്ഞുകൊണ്ട് പങ്കുവെച്ച സ്‌റ്റോറിയും ചര്‍ച്ചയായി.

പേര്‍ളി മാണി Photo: Screen grab/ Pearley Maaney

എല്ലാത്തിനുമൊടുവില്‍ തന്റെ പോസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് പുതിയ വീഡിയോ പേര്‍ളി പുറത്തുവിട്ടിരിക്കുകയാണ്. തന്റെ പോസ്റ്റില്‍ എഴുതിയ വാക്കുകള്‍ താന്‍ ഉദ്ദേശിച്ച രീതിയിലല്ല ആളുകളിലേക്കെത്തിയതെന്നാണ് പേര്‍ളി വീഡിയോയില്‍ പറയുന്നത്. ഓരോ വാക്ക് കൊണ്ടും എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുന്ന പേര്‍ളിക്ക് പഴയതിനെക്കാള്‍ ഇരട്ടി ട്രോളുകളാണ് ലഭിക്കുന്നത്.

കേരള ഹൗസ് ഉടന്‍ വില്പനക്ക് എന്ന സിനിമയില്‍ കൊച്ചിന്‍ ഹനീഫയുടെ ഐക്കോണിക് ഡയലോഗ് ഉപയോഗിച്ചുകൊണ്ടാണ് പല കമന്റുകളും പോസ്റ്റുകളും. കൊച്ചിന്‍ ഹനീഫയുടെ കീരി വാസു എന്ന കഥാപാത്രം നരേന്ദ്രപ്രസാദിന് അയക്കുന്ന കത്ത് ഏത് ടോണിലാണ് എഴുതിയതെന്നും അത് വായിക്കേണ്ട രീതിയും വിവരിക്കുന്ന സീന്‍ പേര്‍ളിയുടെ വീഡിയോയുമായി ചേര്‍ത്ത് വായിക്കുകയാണ് പലരും.

‘അളിയന്‍ വായിച്ച രീതി തെറ്റിയതാണ്. വേറൊരു മൂഡില്‍ എഴുതിയതാണ്’ എന്ന ഡയലോഗ് പലരും വീഡിയോയുടെ കമന്റ് ബോക്‌സില്‍ കുറിച്ചിട്ടുണ്ട്. ‘ഒരൊറ്റ നെഗറ്റീവ് കമന്റും കാണുന്നില്ല, മുക്കിയതായിരിക്കും’ എന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. ന്യായീകരിച്ചുകൊണ്ട് ഇറക്കിയ ഈ വീഡിയോയുടെ ന്യായീകരണം എപ്പോള്‍ വരുമെന്നും ചോദ്യങ്ങളുണ്ട്.

‘എയറില്‍ നിന്ന് ഇറങ്ങാനായി പുതിയ വീഡിയോ ഇട്ടു. ഇപ്പോള്‍ അടുത്ത ഗ്യാലക്‌സിയിലെത്തി’, ‘ഗ്യാലറി നമുക്ക് എതിരാണല്ലോ പേര്‍ളീ ജീ’, ‘നമുക്ക് ഇംഗ്ലീഷ് വായിക്കാനറിയാത്തതിന്റെ കുഴപ്പമാ, പാവം പേര്‍ളീ ജീയെ തെറ്റിദ്ധരിച്ചു’, ‘ഇത് ക്ലാരിഫിക്കേഷനല്ല, ട്രാന്‍സ്ലേഷനാ’, ‘പേര്‍ളീ ജീ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് തുടങ്ങിയ വിവരം ആരും പറഞ്ഞില്ലല്ലോ’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍.

Content Highlight: Pearley Maaney’s new video getting trolls

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more