| Friday, 24th July 2026, 1:22 pm

നീ പേര്‍ളി മാണിയാണെങ്കില്‍ ഞാന്‍ രഞ്ജിനി ഹരിദാസാണ്, വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ ബിഗ് ബോസ് വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ദല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ അങ്ങും ഇങ്ങും തൊടാതെ ബാലന്‍സിങ് പോസ്റ്റ് പങ്കുവെച്ച പേര്‍ളി മാണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കാവിയാണ് തന്റെ ഇഷ്ട നിറമെന്ന് പറഞ്ഞുകൊണ്ട് പങ്കുവെച്ച പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്‌തെങ്കിലും പേര്‍ളിയുടെ രാഷ്ട്രീയം എന്താണെന്ന് മനസിലാക്കാന്‍ സാധിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഇത്രയും വലിയ പ്രതിഷേധം നടത്തുമ്പോള്‍ ഇത്തരം ‘നയതന്ത്ര പോസ്റ്റ്’ പങ്കുവെക്കാന്‍ എങ്ങനെ തോന്നുന്നു എന്നാണ് പേര്‍ളിയോട് പലരും ചോദിക്കുന്നത്. പേര്‍ളിയുടെ പോസ്റ്റിന് പിന്നാലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്.

ബിഗ് ബോസിന്റെ ആദ്യ സീസണില്‍ പേര്‍ളി മാണിയും രഞ്ജിനി ഹരിദാസും മത്സരാര്‍ത്ഥികളായിരുന്നു. ഒരു എപ്പിസോഡില്‍ പേര്‍ളിയും രഞ്ജിനിയും തമ്മിലുള്ള വാക്കേറ്റവും അതിന് രഞ്ജിനി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘You might be Pearley Maaney, I’m freaking Ranjini Haridas’ എന്ന ഡയലോഗ് വെച്ച് പല പോസ്റ്റുകളും പ്രത്യക്ഷപ്പെടുകയാണ്.

ബിഗ് ബോസിന്റെ ആദ്യ സീസണിന്റെ 63ാം ദിവസം പുറത്തായ വ്യക്തിയായിരുന്നു രഞ്ജിനി ഹരിദാസ്. സാബു മോന്‍ വിജയിയായ സീസണില്‍ രണ്ടാം സ്ഥാനമായിരുന്നു പേര്‍ളിക്ക് ലഭിച്ചത്. ബിഗ് ബോസിന് ശേഷം യൂട്യൂബ് ചാനല്‍, ഇന്റസ്റ്റഗ്രാം റീലുകള്‍ എന്നിവയിലൂടെ പേര്‍ളി വലിയ റീച്ച് സ്വന്തമാക്കിയിരുന്നു. അതെല്ലാം കഴിഞ്ഞദിവസത്തെ പോസ്റ്റില്‍ ഏറെക്കുറെ നഷ്ടമായിരിക്കുകയാണ്.

സ്വന്തം നിലപാടുകള്‍ വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരിലും, ‘മലയാളം ശരിക്ക് അറിയില്ല’ എന്ന കാരണത്താലും മലയാളികളുടെ സൈബര്‍ അറ്റാക്കിന് ഇരയായ വ്യക്തിയായിരുന്നു രഞ്ജിനി ഹരിദാസ്. എന്നാല്‍ ഇന്ത്യ ഈയടുത്ത് കണ്ട ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ തന്റെ സാന്നിധ്യമറിയിച്ചതോടെ രഞ്ജിനിയെ പിന്തുണച്ച് പലരും രംഗത്തെത്തി.

അന്ന് രഞ്ജിനി ഹരിദാസിനെ കുറ്റപ്പെടുത്തിയവര്‍ക്കെല്ലാം ഇന്ന് അവരായിരുന്നു ശരി എന്ന് തിരിച്ചറിവുണ്ടായി എന്നാണ് പല പോസ്റ്റുകളും. പലരും ആഘോഷിച്ച പേര്‍ളി മാണി ഇപ്പോള്‍ എക്‌സ്‌പോസ്ഡായെന്നും കമന്റുകളുണ്ട്. പേര്‍ളിയുടെയും രഞ്ജിനിയുടെയും ഈ വീഡിയോ വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Pearley Maaney and Ranjini Haridas bigg boss video viral after years

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more