| Sunday, 8th March 2026, 8:32 am

നേപ്പാള്‍ തെരഞ്ഞെടുപ്പ്; ചരിത്രപരമായ മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദി

യെലന കെ.വി

ന്യൂദല്‍ഹി: നേപ്പാളില്‍ പൊതുതെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായതിനെ ചരിത്രപരമായ നേട്ടമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയ നേപ്പാള്‍ സര്‍ക്കാരിനെയും അവിടുത്തെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. അയല്‍രാജ്യമെന്ന നിലയില്‍ നേപ്പാളിന്റെ പുരോഗതിക്കും സ്ഥിരതയ്ക്കും ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

നേപ്പാളിലെ ജനങ്ങള്‍ ജനാധിപത്യ പ്രക്രിയയില്‍ സജീവമായി പങ്കെടുത്തത് ഒരു അഭിമാനകരമായ നിമിഷമാണെന്നും മോദി പറഞ്ഞു.

‘ഏറ്റവും അടുത്ത സുഹൃത്തും അയല്‍ക്കാരനുമെന്ന നിലയില്‍, നേപ്പാളിന്റെ വികസന യാത്രയില്‍ ഇന്ത്യ എപ്പോഴും കൂടെയുണ്ടാകും,’ എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും സമാധാനവും ഐശ്വര്യവും പങ്കിടുന്നതിനും പുതിയ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെയും നേപ്പാളിന്റെയും ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം ഈ വിജയത്തോടെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി രാഷ്ട്രീയ അസ്ഥിരത നേരിട്ടിരുന്ന നേപ്പാളില്‍ 2026-ല്‍ നടന്ന ഈ പൊതുതെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമായിരുന്നു.

യുവനേതാവായ ബലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി ( ആര്‍.എസ്.പി) അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്.

2024 സെപ്റ്റംബര്‍ 4-ന് നേപ്പാള്‍ സര്‍ക്കാര്‍ ഫേസ്ബുക്ക്, യൂട്യൂബ്, വാട്ട്സ്ആപ്പ് തുടങ്ങി 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

തുടര്‍ന്ന് കാഠ്മണ്ഡുവിലെ മൈതീഘര്‍ മണ്ഡലയില്‍ ആയിരക്കണക്കിന് യുവാക്കള്‍ ഒത്തുകൂടുകയും സമരം അക്രമാസക്തമാവുകയും ചെയ്തു.

പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി രാജി വെക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് 2026 മാര്‍ച്ച് 5 ന് നേപ്പാളില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നത്.

Content Highlight: Peaceful nepal election, ready to work with new goverment says modi

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more