വാഷിങ്ടണ്‍: റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസിന്റെ സമാധാനകരാര്‍ അംഗീകരിക്കാന്‍ ഉക്രൈന്‍ മേല്‍ സമ്മര്‍ദ്ദവുമായി ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ 27ന് മുമ്പ് ഉക്രൈന്‍ മറുപടി നല്‍കിയിരിക്കണമെന്ന് ട്രംപ് പറഞ്ഞു.
സമാധാന പദ്ധതി വ്‌ളോദിമിര്‍ സെലലന്‍സ്‌കിക്ക് അംഗീകരിക്കാം അല്ലെങ്കില്‍ ചെറിയ ഹൃദയം വെച്ച് പോരാട്ടം തുടരാം. എന്തുതന്നെയായാലും 27നകം മറുപടി ലഭിക്കണമെന്നും ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള അന്തിമ ഓഫറല്ല 28 പോയിന്റ് സമാധാന പദ്ധതി. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
നാറ്റോയില്‍ ചേരാനുള്ള ശ്രമം ഉപേക്ഷിക്കുക, ഉക്രൈന്‍ സൈന്യത്തെ പിന്‍വലിക്കുക, പ്രദേശങ്ങള്‍ റഷ്യയ്ക്ക് വിട്ടുനല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന സമാധാന പദ്ധതിക്കെതിരെ ഉക്രൈനിന്റെ പാശ്ചാത്യ സഖ്യകക്ഷികള്‍ ആശങ്ക ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.
റഷ്യ-ഉക്രൈന്‍ യുദ്ധം ഒരിക്കലും സംഭവിക്കരുതായിരുന്നു. സമാധാനമാണ് നമുക്ക് വേണ്ടത്. മുമ്പ് തന്നെ അത് സംഭവിക്കേണ്ടതായിരുന്നു. 2022ല്‍ താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നെന്നും ട്രംപ് പറഞ്ഞു.
നേരത്തെ, യു.എസ് സമാധാന പദ്ധതിക്കെതിരായ നിലപാട് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി സ്വീകരിച്ചിരുന്നു.
രാജ്യം ദുര്‍ഘടമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഒന്നുകില്‍ രാജ്യത്തിന്റെ അന്തസ് നഷ്ടപ്പെടുത്തേണ്ടി വരും അല്ലെങ്കില്‍ ഏറ്റവും അടുത്ത സഖ്യകക്ഷിയെ നഷ്ടപ്പെടുത്തേണ്ടി വരുമെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.
ഇതിനിടെ, റഷ്യയുടെ അഭിപ്രായവും നിര്‍ദേശവും തേടിയതിന് ശേഷമാണ് 28 ഇന സമാധാന പദ്ധതി തയ്യാറാക്കിയതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു. ഉക്രൈന്റെ നിര്‍ദേശവും സമാധാന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Content Highlight: Peace plan is not final offer; will end Ukraine-Russia war; Trump to Zelensky