| Friday, 23rd January 2026, 4:06 pm

ഫലസ്തീനികളുടെ ദീര്‍ഘകാല ദുരിതത്തിന് പരിഹാരം കാണാന്‍ ബോര്‍ഡ് ഓഫ് പീസിന് സാധിക്കട്ടെ: തുർക്കി വിദേശകാര്യമന്ത്രി

ശ്രീലക്ഷ്മി എ.വി.

ബേൺ: ഗസയിലെ സമാധാന ബോർഡ് ശാശ്വത സമാധാനത്തിനുള്ള ചരിത്രപരമായ അവസരമാണെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ.

ഗസയുടെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റാൻ ബോർഡിന് സഹായിക്കാനാകുമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതും നിലനിൽക്കുന്നതുമായ സമാധാനത്തിന് അടിത്തറയിടാൻ കഴിയുമെന്നും തുർക്കി വിദേശകാര്യമന്ത്രി പറഞ്ഞു.

സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ബോർഡ് ഓഫ് പീസ് ചാർട്ടറിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗസയിലെ ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ, ഗസയുടെ ഭാവി രൂപപ്പെടുത്തുന്നതിലും മേഖലയെ സഹായിക്കുന്നതിലും സമാധാനം വേരുറപ്പിക്കാൻ അനുവദിക്കുന്നതിലും സമാധാന ബോർഡ് ശക്തമായ പങ്ക് വഹിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഗസയിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും അവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുകയും ചെയ്യുന്ന ഒരു ഭാവി സാധ്യമാണെന്ന തുർക്കിയുടെ നിലപാട് ഫിദാൻ ആവർത്തിച്ചു.

തുർക്കി സമാധാന ബോർഡിൽ അംഗമാകില്ലെന്നും തുർക്കി സൈന്യം ഗസയിൽ കാലുകുത്തില്ലെന്നും ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു.

തിങ്കളാഴ്ച ഇസ്രഈൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലായിരുന്നു തുർക്കിക്കും ഖത്തറിനും ഗസയിലെ യുദ്ധാനന്തര മാനേജ്‌മെന്റിൽ അധികാരമോ സ്വാധീനമോ സൈനികരോ ഉണ്ടാകില്ലെന്ന നെതന്യാഹുവിന്റെ പ്രസ്താവന.

എന്നാൽ നെതന്യാഹുവിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് ട്രംപ് തുർക്കിയെ സമാധാന ബോർഡിലേക്ക് അംഗമാകാൻ ക്ഷണിച്ചത്.

തുർക്കിയുടെ പങ്കാളിത്തമില്ലാതെ അന്താരാഷ്ട്ര സേനയ്ക്ക് ഫലസ്തീൻ ജനതയുടെ വിശ്വാസം നേടുകയെന്നത് പ്രയാസമായിരിക്കുമെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഗസ സമാധാന ബോർഡിനെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സ്വിറ്റ്സർലൻഡിലെ ദവോസിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് ബോർഡ് ഓഫ് പീസിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചാർട്ടറിൽ ട്രംപ് ഒപ്പുവച്ചത്.

ബോർഡ് ഓഫ് പീസിലെ സ്ഥിരാംഗത്വത്തിന് 1 ബില്യൺ ഡോളർ നൽകണമെന്ന ആവശ്യം ട്രംപ് മുന്നോട്ടുവെച്ചതായി റിപ്പോർട്ടുകളുണ്ട്.

Content Highlight: Peace Board an opportunity for lasting peace: Turkish Foreign Minister

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more