| Monday, 16th June 2025, 7:15 pm

മഅദ്‌നിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രൊ.ജി. ഗോപകുമാറിനെതിരെ പി.ഡി.പിയുടെ പരാതി; മാപ്പ് പറയണമെന്നാവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അബ്ദുള്‍ നാസര്‍ മഅദ്‌നിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് പ്രൊ. ജി. ഗോപകുമാറിനെതിരെ പരാതി. മഅദ്‌നിക്കെതിരായ പരാമര്‍ശത്തില്‍ പി.ഡി.പിയാണ് കേന്ദ്രസര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറായ പ്രൊഫ. ജി ഗോപകുമാറിനെതിരെ പരാതി നല്‍കിയത്.

പ്രൊഫ. ഗോപകുമാര്‍ അദ്ദേഹത്തിന്റെ പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ വ്യക്തമാക്കി.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയടക്കം വിവിധ പദവികള്‍ വഹിച്ചിരുന്ന ഒരാള്‍ നാലാംകിട രാഷ്ട്രീയക്കാരെപ്പോലെ അടിസ്ഥാനരഹിതമായ പച്ചക്കള്ളങ്ങള്‍ പറഞ്ഞ് മഅദനിയെ അപകീര്‍ത്തിപ്പെടുത്തുന്നത് അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജി . ഗോപകുമാര്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മഅദ്‌നി നിരവധി ദേശവിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയെന്നും പലതവണ അദ്ദേഹം പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന്റെ തെളിവുകള്‍ മഅദ്‌നിയുടെ പാസ്‌പോര്‍ട്ടില്‍ ഉണ്ടെന്നടക്കമുള്ള ആരോപണങ്ങളാണ് ഗോപകുമാര്‍ ഉന്നയിച്ചത്.

പി.ഡി.പിയുടെ പരാതിയില്‍ കണ്ടോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ഗോപകുമാര്‍ പറഞ്ഞതുപോലെ മഅദ്‌നി ദേശവിരുദ്ധ പ്രസംഗങ്ങള്‍ നത്തിയിട്ടുണ്ടെങ്കില്‍ എന്തെങ്കിലും കേസ് കേരള പൊലീസ് എടുക്കേണ്ടതല്ലേയെന്നും എന്നാല്‍ കോടതി പോലും അത്തരമൊരു സംഭവം കണ്ടെത്തിയിട്ടില്ലെന്നും പി.ഡി.പി ജില്ല പ്രസിഡന്റ് അഷ്‌റഫ് നഗരൂര്‍ പരാതിയില്‍ പറഞ്ഞു.

Content Highlight: PDP files complaint against Prof. G. Gopakumar for defamatory remarks against Madni

We use cookies to give you the best possible experience. Learn more