| Thursday, 21st March 2019, 12:31 pm

ആരുടെയെങ്കിലും കുടികിടപ്പുകാരാകാന്‍ തയാറല്ലെന്ന് മഅ്ദനി; അഞ്ച് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പി.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു പി.ഡി.പി. മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാനതല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയാണ് ബംഗളൂരുവില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ പേരുകള്‍ പ്രഖ്യാപിച്ചത്.

മുഴുവന്‍ പിന്തുണയും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ മുന്നണിക്കോ പതിച്ചുകൊടുത്ത് ആരുടെയെങ്കിലും അടിമയോ കുടികിടപ്പുകാരോ ആകാന്‍ പി.ഡി.പി തയാറല്ലെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മഅദനി പറഞ്ഞു. കേരളത്തിലെ ഒരു പാര്‍ട്ടിയും ഫാഷിസത്തെ തടയാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തിയിട്ടില്ല. ഫാഷിസ്റ്റുകളുമായി കൂട്ടുചേര്‍ന്നവരെയും ഭൂമി, സാമ്പത്തിക തട്ടിപ്പുകാരെയുമടക്കം പലരും സ്ഥാനാര്‍ഥിയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also : മോദി ഒറ്റയ്ക്കാണ് ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്തിയത്, അതെന്തേ ട്രെയ്‌ലറില്‍ പറയാതിരുന്നത്: സംഘപരിവാറിനെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്

പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് (പൊന്നാനി), നിസാര്‍ മേത്തര്‍ (മലപ്പുറം), ടി.എ. മുജീബ്‌റഹ്മാന്‍ (ചാലക്കുടി), വര്‍ക്കല രാജ് (ആലപ്പുഴ), മാഹിന്‍ തേവരുപാറ (ആറ്റിങ്ങല്‍) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. മറ്റു മണ്ഡലങ്ങളില്‍ ഫാഷിസ്റ്റുകളെ പരാജയപ്പെടുത്താന്‍ സഹായകരമായ നിലപാടെടുക്കുന്നവര്‍ക്ക് കൂടിയാലോചനകള്‍ക്ക് ശേഷം പിന്തുണ നല്‍കുമെന്ന് മഅ്ദനി അറിയിച്ചു.

പൊന്നാനിയില്‍ മുസ്‌ലിം വോട്ട് സമാഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പൂന്തുറ സിറാജ് മത്സരിക്കാനിറങ്ങുന്നത്. ലീഗിന് ലഭിച്ചേക്കാവുന്ന ചെറിയൊരു ഭാഗം വോട്ടുകള്‍ പി.ഡി.പി സമാഹരിച്ചാല്‍ അത് പൊന്നാനിയുടെ ഫലത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

2004ല്‍ പൊന്നാനിയില്‍ എല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടാത്താണിക്ക് പിന്തുണയര്‍പ്പിച്ച് മഅ്ദനി എത്തിയിരുന്നു.

We use cookies to give you the best possible experience. Learn more