2025ല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ഏകദിന ലോകകപ്പില്‍ മോശം പ്രകടനമാണ് പാകിസ്ഥാന്‍ ടീം കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ നിന്ന് പാകിസ്ഥാന്‍ പുറത്താകുകയും ചെയ്തിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മഴ വില്ലനായി. ഇതോടെ മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്തായിരുന്നു പാകിസ്ഥാന്‍.
P.C.B Chairman Mohammad Naqvi
ടീമിന്റെ മോശം പ്രകടനം കാരണം മുഖ്യ പരിശീലകന്‍ മുഹമ്മദ് വസീമിന്റെ കരാര്‍ നീട്ടേണ്ടതില്ലെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്. വസീമിന്റെ പരിശീലനത്തില്‍ പി.സി.ബി അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2024ലാണ് വസീമിനെ പി.സി.ബി വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ശ്രീലങ്കയോട് പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. മാത്രമല്ല സൗത്ത് ആഫ്രിക്കയില്‍ നടന്ന ടി-20 ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ ഒരു വിജയം മാത്രമാണ് വസീമിന്റ കീഴില്‍ പാകിസ്ഥാന്‍ നേടിയത്. താരങ്ങളുടെ ബാറ്റിങ് മികവ് മെച്ചപ്പെടുത്തുന്നതില്‍ പരിശീലകന്‍ പരാജയപ്പെട്ടെന്നും വ്യക്തമാണ്.
പി.സി.ബി ഉടന്‍ തന്നെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. മാത്രമല്ല പി.സി.ബി ഒരു വിദേശ പരിശീലകനെ തെരഞ്ഞെടുക്കാനാണ് കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് വിജയമുള്‍പ്പെടെ 13 പോയിന്റാണ് ഓസീസ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയമുള്‍പ്പെടെ 11 പോയിന്റും നേടി.
മൂന്നാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്ക അഞ്ച് വിജയം നേടി 10 പോയിന്റാണ് സ്വന്തമാക്കിയത്. നാലാം സ്ഥാനത്തുള്ള ഇന്ത്യ ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ ഏഴ് പോയിന്റുമായി സെമി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞദിവസം ബംഗ്ലാദേശിനെതിരായ മത്സരത്തോടെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും അവസാനിച്ചു.
Content Highlight: PCB to replace Pakistan women’s team coach