| Wednesday, 12th February 2020, 3:24 pm

'കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചത് ഇവരുടെ കാലത്ത്; മുതിര്‍ന്ന നേതാവിനെതിരെ പരസ്യവിയോചിപ്പറിയിച്ച് പി.സി ചാക്കോ; തിരുത്തി മിലിന്ദ് ദയോറ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കോണ്‍ഗ്രസ് തകന്നടിഞ്ഞതോടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെച്ചിരിക്കുകയാണ് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയും പാര്‍ട്ടിയുടെ ദല്‍ഹി ചുമതല വഹിക്കുന്ന മുതിര്‍ന്ന നേതാവ് പി.സി ചാക്കോയും. എന്നാല്‍ പി.സി ചാക്കോയുടെ രാജി മുന്‍മുഖ്യമന്ത്രിയും അന്തരിച്ച നേതാവുമായ ഷീലാദീക്ഷിതിനോടുള്ള പരസ്യവിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ്.

കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചത് ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നായിരുന്നു പി.സി ചാക്കോയുടെ വിമര്‍ശനം.

കോണ്‍ഗ്രസിന്റെ പതനം ആരംഭിക്കുന്നത് 2013 ലായിരുന്നു. ഷീലാജി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍. ഒരു പുതിയ പാര്‍ട്ടിയുടെ തുടക്കത്തോടെ. കോണ്‍ഗ്രസിന്റെ മുഴുവന്‍ വോട്ട് ബാങ്കും ആംആദ്മി പിടിച്ചെടുത്തു. ഞങ്ങള്‍ക്ക് അത് ഒരിക്കലും തിരിച്ചുകിട്ടില്ല. അത് ഇപ്പോഴും ആംആദ്മിക്കൊപ്പമാണ്.’ പി.സി ചാക്കോ പറഞ്ഞു.

എന്നാല്‍ പി.സി ചാക്കോയുടെ പ്രസ്താവനക്കെതിരെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദയോറ രംഗത്തെത്തി.

രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ മികച്ചൊരു ഭരണാധികാരിയാണ് ഷീല ദീക്ഷിത്. അവര്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് കോണ്‍ഗ്രസിന് ദല്‍ഹിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞിരുന്നു. മരണപ്പെട്ട ശേഷവും അവരെ പഴിചാരുന്നത് നിര്‍ഭാഗ്യകരമാണ്.’ മിലിന്ദ് ദയോറ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9.6 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അഞ്ചിടങ്ങളില്‍ ആം ആദ്മിയെ പിന്തള്ളി രണ്ടാമതെത്താനും പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ഇത്തവണ 4.27 ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.

1998 മുതല്‍ 2013വരെയുള്ള ഷീല ദീക്ഷിത് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഇത്തവണയും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്.

66 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അതില്‍ 63 മണ്ഡലങ്ങളിലും കെട്ടിവെച്ച പണം പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് നഷ്ടമായി.

2015ന് സമാനമായ കനത്ത പരാജയമാണ് കോണ്‍ഗ്രസ് ഇക്കുറിയും നേരിട്ടത്. 2015ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും കോണ്‍ഗ്രസിന് നിലമെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more