| Tuesday, 31st March 2026, 9:38 pm

എന്തൊക്കെ ചെയ്തിട്ടും ആ പഴയ പവറില്ലല്ലോ ജോസേട്ടാ... വെടിക്കെട്ടില്ലെങ്കിലും തിരിച്ചുവരവിന്റെ സൂചനയോ?

ആദര്‍ശ് എം.കെ.

ഐ.പി.എല്‍ 2026ലെ നാലാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. പഞ്ചാബിന്റെ ഹോം സ്‌റ്റേഡിത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി.

ടി-20 ഫോര്‍മാറ്റില്‍ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറിന്റെ മോശം ഫോം ഐ.പി.എല്ലിലും തുടരുകയാണ്. 33 പന്തില്‍ 38 റണ്‍സ് നേടി ടീമിന്റെ രണ്ടാമത് മികച്ച റണ്‍ ഗെറ്ററായെങ്കിലും മികച്ച സ്‌ട്രൈക് റേറ്റില്‍ റണ്ണടിക്കാനോ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനോ താരത്തിന് സാധിച്ചില്ല.

രണ്ട് സിക്‌സറും മൂന്ന് ഫോറും അടക്കം 115.5 എന്ന സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

കഴിഞ്ഞ 15 ടി-20 ഇന്നിങ്‌സുകളില്‍ താരത്തിന്റെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ പ്രൈം ജോസ് ബട്‌ലറിന്റെ നിഴല്‍ പോലും ആരാധകര്‍ക്ക് കാണാന്‍ സാധിക്കില്ല.

ടി-20 ലോകകപ്പിലടക്കം ഒടുവില്‍ കളിച്ച 15 ഇന്നിങ്‌സില്‍ നിന്നും താരത്തിന് നേടാന്‍ സാധിച്ചത് 15.46 ശരാശരിയില്‍ വെറും 232 റണ്‍സ്. 115.42 മാത്രമാണ് താരത്തിന്റെ പ്രഹര ശേഷി. ഒറ്റ അര്‍ധ സെഞ്ച്വറി പോലും ഈ മത്സരങ്ങളില്‍ താരത്തിന് നേടാന്‍ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ബട്‌ലര്‍ ലോകകപ്പില്‍

ടി-20 ലോകകപ്പില്‍ ബാറ്റെടുത്ത എട്ട് ഇന്നിങ്‌സില്‍ നിന്നും 10.87 ശരാശരിയില്‍ നേടിയത് വെറും 87 റണ്‍സ്. 75 പന്ത് നേരിട്ട താരത്തിന്റെ സ്‌ട്രൈക് റേറ്റാകട്ടെ 116.00ഉം. 26 റണ്‍സാണ് മികച്ച സ്‌കോര്‍.

എന്നാല്‍ ടൈറ്റന്‍സിനെതിരായ ഈ പ്രകടനം ആരാധകര്‍ക്ക് ചെറിയ പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്.

അതേസമയം, ടൈറ്റന്‍സിനായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 27 പന്തില്‍ 39 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. ആറ് ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഗ്ലെന്‍ ഫിലിപ്‌സ് (17 പന്തില്‍ 25), വാഷിങ്ടണ്‍ സുന്ദര്‍ (16 പന്തില്‍ 18) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

പഞ്ചാബിനായി വൈശാഖ് വിജയ്കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. യൂസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാര്‍കോ യാന്‍സെന്‍ ഒരു ടൈറ്റന്‍സ് താരത്തെയും മടക്കി.

Content Highlight: PBKS vs GT: Jos Buttler unable to make his old impact in the IPL

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more