| Monday, 4th May 2026, 1:03 pm

പയ്യന്നൂരിലും പാര്‍ട്ടിക്ക് പാഠം; വി. കുഞ്ഞികൃഷ്ണനിലൂടെ ജനത്തിന്റെ തിരുത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍:നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഇടതുകോട്ടകളില്‍ പാര്‍ട്ടി നേരിടുന്നത് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ പയ്യന്നൂരില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണന്‍ 3800 ലേറെ വോട്ടിന്റെ ലീഡോടെ മുന്നിലാണ്. 60789 വോട്ടാണ് കുഞ്ഞികൃഷ്ണന് ലഭിച്ചത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ഐ മധുസൂദനന്‍ 56486 വോട്ടുകളോടെ രണ്ടാം സ്ഥാനത്താണ്. സി.പി.ഐ.എമ്മിനെതിരെ ഫണ്ട് തിരിമറി ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി വിട്ട വി. കുഞ്ഞികൃഷ്ണന്‍ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചതോടെ ഇത്തവണ പയ്യന്നൂരില്‍ ശക്തമായ മത്സരം നടക്കുമെന്ന് ഉറപ്പായിരുന്നു.

നിലവില്‍ 14ല്‍ 12 റൗണ്ട് വോട്ടുകളാണ് എണ്ണി തീര്‍ത്തത്. 10 റൗണ്ട് പുര്‍ത്തിയായപ്പോള്‍ 6000ത്തിലേറെ വോട്ടായിരുന്നു വി. കുഞ്ഞികൃഷ്ണന്റെ ലീഡ്. ചെറുപുഴ, പുളിങ്ങോം ഉള്‍പ്പെടെ യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലാണ് ഇനി എണ്ണാന്‍ ബാക്കിയുള്ളത്.

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരില്‍ 2021ലെ തെരഞ്ഞെടുപ്പില്‍, ടി.ഐ മധുസൂദനന്‍ കോണ്‍ഗ്രസിലെ എം പ്രദീപ് കുമാറിനെ 49780 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയിരുന്നത് 33.35% ആയിരുന്നു വോട്ട് ഷെയര്‍.

2016-ല്‍, സി.പി.ഐ.എമ്മിലെ സി. കൃഷ്ണന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സാജിദ് മവ്വലിനെ 40263 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.

യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, സി.പി.എമ്മിലെ സി.കൃഷ്ണന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. കെ. ബ്രിജേഷ് കുമാറിനെ 32124 വോട്ടുകളുടെ ഭൂരിപക്ഷത്തിനും പരാജയപ്പെടുത്തിയ മണ്ഡലമാണ് പയ്യന്നൂര്‍. ഇടതിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരില്‍ ഇത്തവണ പക്ഷേ പാര്‍ട്ടിക്ക് കാലിറടുന്ന കാഴ്ചയാണ്.

പയ്യന്നൂരിലെ സി.പി.ഐ.എം സ്ഥാനാര്‍ഥിയായി മധുസൂദനനെ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആര്‍.എസ്.പിക്ക് വിട്ടുനല്‍കിയ സീറ്റില്‍ യു.ഡി.എഫ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്ന തീരുമാനമെത്തുന്നത്. യു.ഡി.എഫ് പിന്തുണയോടെ വി കുഞ്ഞികൃഷ്ണന്‍ തെരഞ്ഞടുപ്പ് കളത്തിലേക്ക് വന്നതോടെ വലിയ പോരാട്ടത്തിന് തന്നെ മണ്ഡലം സാക്ഷിയായി.

കൃത്യമായ ആസൂത്രണത്തോടെ മണ്ഡലവികസനം എണ്ണിപ്പറഞ്ഞായിരുന്നു മധുസൂദനന്റെ പ്രചരണം. എന്നാല്‍ ധനരാജ് രക്തസാക്ഷി ഫണ്ടില്‍ ഉള്‍പ്പെടെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു കുഞ്ഞികൃഷ്ണന്‍ ഇതിനെ നേരിട്ടത്.

വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ആ നിലയ്ക്ക് തന്നെയാണ് സി.പി.ഐ.എമ്മിനകത്ത് അടിയൊഴുക്ക് കാണാന്‍ കഴിയുന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ തുടക്കം മുതല്‍ തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് ഒരിക്കലും തന്റെ ആഗ്രഹമായിരുന്നില്ലെന്നും എന്നാല്‍ പാര്‍ട്ടിയിലെ അഴിമതികളെ ചോദ്യം ചെയ്തപ്പോള്‍, ആരോപണവിധേയനെ തന്നെ സ്ഥാനാര്‍ഥിയാക്കി ജനങ്ങളെ വെല്ലുവിളിച്ചതിലുള്ള പ്രതിഷേധമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്നായിരുന്നു കുഞ്ഞികൃഷ്ണന്‍ പ്രചരണത്തിലുടനീളം പറഞ്ഞത്.

അഴിമതിക്കാരെ തെളിവ് സഹിതം ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യമെന്നും ആ പോരാട്ടത്തില്‍ താന്‍ ഇതിനോടകം വിജയിച്ചു കഴിഞ്ഞുവെന്നും കുഞ്ഞികൃഷ്ണന്‍ അവകാശപ്പെട്ടിട്ടുണ്ട്.

‘ഞാന്‍ അന്നും ഇന്നും പാര്‍ട്ടിക്കെതിരല്ല. എന്നാല്‍ പാര്‍ട്ടിയെ മറയാക്കി അഴിമതിയും സാമ്പത്തിക വെട്ടിപ്പും നടത്തുന്ന കൊള്ളക്കാര്‍ക്കും കൊട്ടേഷന്‍ മാഫിയകള്‍ക്കും അവര്‍ക്ക് സംരക്ഷണമൊരുക്കുന്നവര്‍ക്കും എതിരാണ്,’

പര്യടനത്തിനിടയില്‍ പലരും പാര്‍ട്ടിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചപ്പോഴും, ഉള്ളിലുള്ള സത്യം തിരിച്ചറിഞ്ഞതായി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പയ്യന്നൂര്‍ നിയോജക മണ്ഡലം രൂപവത്കരിച്ചതിന് ശേഷം ഇന്നുവരെ ഉണ്ടാകാത്ത വിധം രാഷ്ട്രീയ തരംഗം സൃഷ്ടിക്കാന്‍ വളരെ ചെറിയൊരു കൂട്ടം മനുഷ്യര്‍ക്ക് സാധിച്ചുവെന്നത് ചരിത്രപരമായ നേട്ടമാണെന്നും അദ്ദേഹം വിലയിരുത്തി.

പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് വിവാദത്തില്‍ നേതൃത്വത്തെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് വി. കുഞ്ഞികൃഷ്ണനെ സി.പി.ഐ.എം പുറത്താക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം അഴിമതിക്കെതിരായ നിലപാടുമായി തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.

Content Highlight: Payyannur V Krishnankutty Victory A lesson for the party

We use cookies to give you the best possible experience. Learn more