| Monday, 22nd September 2025, 7:42 pm

ഇതെന്താ വെട്ടത്തിലെ ജഗതിയുടെ ബാധ കേറിയതോ, ഗംഭീര ട്രെയ്‌ലറിലും ട്രോളന്മാരുടെ ഇരയായി പവര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കില്‍ വന്‍ ഫാന്‍ ബേസുള്ള നടന്മാരിലൊരാളാണ് പവന്‍ കല്യാണ്‍. പവര്‍ സ്റ്റാറെന്ന് വിളിപ്പേരുള്ള താരം റൊമാന്റിക് റോളുകളിലൂടെയും ആക്ഷന്‍ റോളുകളിലൂടെയുമാണ് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ സ്ഥാനം നേടിയത്. ജന സേന പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയപാര്‍ട്ടി ആരംഭിച്ച പവന്‍ നിലവില്‍ തെലങ്കാനയുടെ ഉപമുഖ്യമന്ത്രിയാണ്.

തെലുങ്ക് ആരാധകര്‍ക്കിടയില്‍ പവന് വീരപരിവേഷമാണെങ്കിലും മലയാളികള്‍ക്കിടയില്‍ താരത്തിന് ആ ഇമേജല്ല. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പവന്‍ കല്യാണിന്റെ സിനിമകള്‍ മലയാളി ട്രോളന്മാര്‍ക്ക് ഇരയാകാറുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഹരിഹര വീരമല്ലു ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ പരാജയമായി മാറി.

പവന്‍ കല്യാണിന്റെ ഏറ്റവും പുതിയ ചിത്രമായ ദെയ് കോള്‍ ഹിം ഓ.ജിയുടെ ട്രെയ്‌ലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സാഹോക്ക് ശേഷം സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വന്‍ ഹൈപ്പാണ് ലഭിക്കുന്നത്. പുറത്തിറങ്ങിയ പാട്ടുകളും പോസ്റ്ററുകളും പ്രതീക്ഷ കൂട്ടുന്നവയായിരുന്നു.

എന്നാല്‍ ഇന്ന് പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ ഏറ്റവും വലിയ നെഗറ്റീവായി പലരും ചൂണ്ടിക്കാട്ടിയത് പവന്‍ കല്യാണെയായിരുന്നു. അതിഗംഭീര കട്ടുകളും ക്യാമറാ വര്‍ക്കുകളും കൊണ്ട് ടോപ്പ് ഗിയറില്‍ പോയ ട്രെയ്‌ലറിന്റെ മൂഡ് മുഴുവന്‍ അവസാനത്തെ 30 സെക്കന്‍ഡില്‍ ഇല്ലതായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മെഷീന്‍ ഗണ്ണും വെച്ച് ഫയര്‍ ചെയ്യുന്ന സീനും പിന്നീടുള്ള പവന്റെ ഡയലോഗ് ഡെലിവറിയും കോമഡിയായി മാറിയിട്ടുണ്ടെന്നാണ് ഭൂരിഭാഗം സിനിമാപ്രേമികളുടെയും അഭിപ്രായം. വെട്ടം സിനിമയുടെ ക്ലൈമാക്‌സില്‍ കണ്ണ്കാണാതെ ജഗതി എ.കെ. 47 എടുത്ത് വെടി വെക്കുന്നതുപോലെയാണ് പവന്‍ മെഷീന്‍ ഗണ്‍ ഹാന്‍ഡില്‍ ചെയ്തതെന്നാണ് ട്രോളന്മാരുടെ കണ്ടുപിടിത്തം.

കഴിഞ്ഞദിവസം നടന്ന ട്രെയ്‌ലര്‍ ലോഞ്ചലും പവന്‍ കല്യാണ്‍ ട്രോള്‍ മെറ്റീരിയലായി മാറിയിരുന്നു. കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ യഥാര്‍ത്ഥ വാളുമായാണ് താരം ചടങ്ങിന് വന്നത്. മാസ് കാണിക്കാനായി വാള്‍ ചുഴറ്റിയ സമയത്ത് താരത്തിന്റെ ബൗണ്‍സര്‍മാരിലൊരാളുടെ കഴുത്തില്‍ കൊള്ളാതെ രക്ഷപ്പെടുന്നതിന്റെ വീഡിയോ വൈറലായിരുന്നു.

മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവിലാണ് ഓ.ജി. തിയേറ്ററുകളിലെത്തുന്നത്. ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലന്‍. അര്‍ജുന്‍ ദാസ്, പ്രിയങ്ക മോഹന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. സെപ്റ്റംബര്‍ 25ന് ഓ.ജി. തിയേറ്ററുകളിലെത്തും.

Content Highlight: Pawan Kalyan’s scene in OG Movie trailer became troll material

We use cookies to give you the best possible experience. Learn more