| Wednesday, 25th March 2026, 6:20 pm

റൈറ്റ്‌സിന്റെ പൈസ പോലും തിരിച്ചുകിട്ടിയില്ല, ഇന്ത്യക്ക് പിന്നാലെ ഓവര്‍സീസിലും വിതരണക്കാര്‍ക്ക് നഷ്ടമായി പവന്റെ ഉസ്താദ് ഭഗത് സിങ്

അമര്‍നാഥ് എം.

ബോക്‌സ് ഓഫീസില്‍ പുതിയ നടന്മാരെക്കാള്‍ പരിതാപകരമായ അവസ്ഥയിലേക്ക് കുതിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണ്‍. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം എടുത്തുപറയാന്‍ ഒരു ഹിറ്റ് പോലുമില്ലാത്ത പവന്റെ സ്റ്റാര്‍ഡവും ചോദ്യം ചെയ്യപ്പെടുകയാണ്. 13 വര്‍ഷമായി ഹിറ്റില്ലാത്ത തെലുങ്കിലെ ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ കൂടിയാണ് പവന്‍.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഉസ്താദ് ഭഗത് സിങ്ങിന്റെ കാര്യവും വ്യത്യസ്തമല്ല. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണിരിക്കുകയാണ് ചിത്രം. 150 കോടി ബജറ്റിലൊരുങ്ങിയ ഉസ്താദ് ഭഗത് സിങ് 100 കോടി നേടാന്‍ പാടുപെടുകയാണ്. ആന്ധ്രയില്‍ പലയിടത്തും ചിത്രം വാഷൗട്ടായിക്കഴിഞ്ഞു.

ഇന്ത്യയില്‍ മാത്രമല്ല, ഓവര്‍സീസിലും വലിയ നഷ്ടമാണ് ചിത്രം വിതരണക്കാര്‍ക്ക് സമ്മാനിച്ചത്. നോര്‍ത്ത് അമേരിക്കയില്‍ ചിത്രം വിതരണത്തിനെടുത്തവര്‍ക്ക് മുടക്കിയ പൈസ പോലും ഇതുവരൈ തിരിച്ചുകിട്ടിയിട്ടില്ല. 12 കോടി (1.44 മില്യണ്‍ ഡോളര്‍)ക്കാണ് ചിത്രത്തെ വിതരണത്തിനെടുത്തത്. എന്നാല്‍ റിലീസ് ചെയ്ത് ഒരാഴ്ചയോടടുക്കുമ്പോള്‍ ആകെ ആറ് കോടി മാത്രമാണ് നോര്‍ത്ത് അമേരിക്കയില്‍ നിന്ന് ചിത്രം നേടിയത്.

വേള്‍ഡ്‌വൈഡ് കളക്ഷനില്‍ ഇതുവരെ ആകെ 87 കോടി മാത്രമാണ് ഉസ്താദ് ഭഗത് സിങ്ങിന് നേടാനായത്. പവന്റെ പരാജയ പരമ്പരകളിലെ പുതിയ എന്‍ട്രിയായി ഉസ്താദ് ഭഗത് സിങ് മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം താരത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.

220 കോടിയിലേറെ ബജറ്റിലൊരുങ്ങിയ ഹരിഹര വീരമല്ലു മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ പരാജയമായി മാറി. ബോക്‌സ് ഓഫീസിലെ പരാജയത്തിന് പിന്നാലെ ഒ.ടി.ടിയില്‍ ചിത്രം ട്രോള്‍ മെറ്റീരിയലായി മാറി. പിന്നാലെയെത്തിയ ഒ.ജി 300 കോടിയിലേറെ നേടിയെങ്കിലും ബജറ്റിന്റെ ആധിക്യം കാരണം നിര്‍മാതാവിന് വലിയ ലാഭമുണ്ടായില്ല.

പവന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഗബ്ബര്‍ സിങ്ങിന്റെ സംവിധായകന്‍ ഹരീഷ് ശങ്കറാണ് ഉസ്താദ് ഭഗത് സിങ് അണിയിച്ചൊരുക്കിയത്. മാസ് ആക്ഷന്‍ സിനിമയിലെ നായകനായ പവന് ഒട്ടും സ്വാഗില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ശ്രീലീലയുമായുള്ള റൊമാന്‍സും കോളേജ് സ്റ്റുഡന്റായുള്ള പവന്റെ പെര്‍ഫോമന്‍സും ഇതിനോടകം ട്രോള്‍ മെറ്റീരിയലായി മാറിക്കഴിഞ്ഞു.

Content Highlight: Pawan Kalyan’s new movie Ustaad Bhagat Singh became huge loss for distributors

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more