തെലുങ്ക് ഇന്‍ഡസ്ട്രിയിലെ മുന്‍നിര താരങ്ങളിലൊരാളാണ് പവന്‍ കല്യാണ്‍. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ സഹോദരനായ പവന്‍ റോം കോം ചിത്രങ്ങളിലൂടെ ടോളിവുഡില്‍ സ്വന്തമായി ഫാന്‍ബേസ് സൃഷ്ടിച്ചു. മാസ് സിനിമകളിലേക്ക് ചുവടുമാറ്റിയതോടെ പവര്‍ സ്റ്റാര്‍ എന്ന ടൈറ്റിലും പവനെ തേടിയെത്തി. എന്നാല്‍ 2010ന് ശേഷം പവന്റെ സ്റ്റാര്‍ഡത്തില്‍ വലിയ ഇടിവായിരുന്നു സംഭവിച്ചത്.
ക്വാളിറ്റിയില്ലാത്ത സിനിമകള്‍ ചെയ്തും രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോള്‍ വന്ന ഇടവേളയും താരത്തിന് തിരിച്ചടിയായി. സിനിമയില്‍ വീണ്ടും സജീവമാകുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ ഒരു ചിത്രത്തിനും സാധിച്ചിട്ടില്ല. പവന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഉസ്താദ് ഭഗത് സിങ്ങിന്റെ ടീസര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ആരാധകര്‍ക്ക് മാത്രം രോമാഞ്ചം സമ്മാനിച്ച ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി. പവന്റെ ഗെറ്റപ്പും മുഖഭാവങ്ങളുമാണ് പ്രധാനമായും ട്രോളിന് ഇരയാകുന്നത്. മുന്‍ സിനിമകളിലേത് പോലെ ഇതിലും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കൗബോയ് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെട്ട ഷോട്ടിനും ട്രോളുകളുണ്ട്.
പല ട്രോളുകളും തെലുങ്ക് പേജുകള്‍ തന്നെയാണ് ഷെയര്‍ ചെയ്യുന്നത്. സ്വന്തം ഇന്‍ഡസ്ട്രിയില്‍ പോലും വിലയില്ലാത്ത സൂപ്പര്‍സ്റ്റാറാണ് പവനെന്ന് പലരും അഭിപ്രായപ്പെടുന്നു. ഡ്യൂപ്പിനെ ഉപയോഗിച്ച് സിനിമകള്‍ ചെയ്യാനാണെങ്കില്‍ വീട്ടിലിരുന്നാല്‍ പോരെയെന്നും ചിലര്‍ ചോദിക്കുന്നു. മാര്‍ച്ച് 19ന് ധുരന്ധര്‍ 2മായി ക്ലാഷ് വെക്കുന്ന ഉസ്താദ് ഭഗത് സിങ് പരാജയമാകുമെന്നാണ് പലരും പ്രവചിക്കുന്നത്.
രാഷ്ട്രീയ പ്രചരണം പലപ്പോഴും കൃത്യസമയത്ത് ഷൂട്ടിനെത്താത്ത നടനാണ് പവനെന്ന് പലരും പരാതിപ്പെട്ടിരുന്നു. 2020ല്‍ അനൗണ്‍സ് ചെയ്ത് ഹരിഹര വീരമല്ലു, ഉസ്താദ് ഭഗത് സിങ് എന്നീ സിനിമകള്‍ കഴിഞ്ഞ വര്‍ഷമാണ് പൂര്‍ത്തിയായത്. ഇതില്‍ ഹരിഹര വീരമല്ലു സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറി. പല സീനിലും പവന് പകരം ഡ്യൂപ്പാണ് അഭിനയിച്ചതെന്ന് വ്യക്തമായിരുന്നു.
മലയാളികള്‍ക്കിടയിലും പവന്‍ ട്രോള്‍ മെറ്റീരിയലാണ്. മാസ് ആക്ഷന്‍ ഹീറോ എന്ന് ഫാന്‍സ് വീമ്പിളക്കുന്ന പവന് യാതൊരു സ്വാഗുമില്ലെന്നാണ് മലയാളത്തിലെ പല സിനിമാപേജുകളും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ദെയ് കോള്‍ ഹിം ഒ.ജിയില്‍ ഏറ്റവും വലിയ നെഗറ്റീവ് പവന്‍ കല്യാണായിരുന്നെന്ന് പലരും കമന്റ് പങ്കുവെച്ചു. അപാര മേക്കിങ്ങില്‍ സംവിധായകന്‍ സുജീത്തും സംഗീത സംവിധായകന്‍ തമനും മാക്‌സിമം പണിയെടുത്തപ്പോഴും പവന്റെ അഭിനയം ചിത്രത്തെ പിന്നോട്ടുവലിക്കുകയായിരുന്നു.
പവന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ഗബ്ബര്‍ സിങ് ഒരുക്കിയ ഹരീഷ് ശങ്കറാണ് ഉസ്താദ് ഭഗത് സിങ്ങിന്റെ സംവിധായകന്‍. വിജയ് നായകനായ തെരിയുടെ റീമേക്കാണ് ഈ ചിത്രമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സംവിധായകന്‍ അത് തള്ളിക്കളയുകയായിരുന്നു.
Content Highlight: Pawan Kalyan getting trolls after his new teaser released
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ