| Sunday, 8th June 2025, 11:14 am

ഒരിക്കലും റൊണാള്‍ഡോയെ പോലെയല്ല, ടീമിലെടുക്കരുത്; അര്‍ജന്റീനയിലെ ഏറ്റവും വലിയ ക്രിസ്റ്റ്യാനോ ആരാധകനെതിരെ ആഞ്ഞടിച്ച് പോള്‍ പാര്‍ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം അലഹാന്‍ഡ്രോ ഗര്‍ണാച്ചോയെ ചെല്‍സി സ്വന്തമാക്കാന്‍ ശ്രമിക്കരുതെന്ന് ഫുട്‌ബോള്‍ പണ്ഡിറ്റ് പോള്‍ പാര്‍ക്കര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വലിയ ആരാധകനായ ഗര്‍ണാച്ചോയ്ക്ക് ഒരിക്കലും അദ്ദേഹത്തെ പോലെ കഠിനാധ്വാനം ചെയ്യാന്‍ താത്പര്യമില്ല എന്നും അവനെ ഒരിക്കലും സ്വന്തമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വെറ്റബേസിസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ക്കര്‍ ഇക്കാര്യം പറയുന്നത്.

പോള്‍ പാര്‍ക്കര്‍

ചെല്‍സി ഗര്‍ണാച്ചോയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്നത് വെറുമൊരു അഭ്യൂഹം മാത്രമായിരിക്കാമെന്നും പെന്‍ഷനേഴ്‌സ് ഇതിന് മുതിരില്ല എന്നും പാര്‍ക്കര്‍ വിശ്വസിക്കുന്നു.

‘ഗര്‍ണാച്ചോ തീര്‍ച്ചയായും പോയേ മതിയാകൂ. അല്ലാതെ മറ്റൊന്നും തന്നെയില്ല, കാരണം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പ്രവര്‍ത്തിക്കില്ല. അവന് അത്തരത്തിലുള്ള ഒരു മെന്റാലിറ്റിയുമില്ല. കൂടാതെ അവന് കഠിനാധ്വാനം ചെയ്യാനും താത്പര്യമില്ല. അവന്‍ മാറുമെന്നും ഞാന്‍ കരുതുന്നില്ല.

ഇത് തീര്‍ത്തും അവിശ്വസനീയമാണ്, കാരണം അവന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോയുടെ കടകവിരുദ്ധമാണ് ഗര്‍ണാച്ചോ. റൊണാള്‍ഡോ ഏറെ കഠിനാധ്വാനിയാണ്. റൊണാള്‍ഡോ ശരിക്കും അവന്റെ ആരാധനാപാത്രമാണെങ്കില്‍ തീര്‍ച്ചയായും അതില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കണം.

ചെല്‍സിക്ക് അവനെ സ്വന്തമാക്കണമെന്നുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. തുറന്നുപറയട്ടെ, ഇത് ചെല്‍സിയെ സംബന്ധിച്ചും അവനെ സംബന്ധിച്ചും തീര്‍ത്തും മോശം തീരുമാനമായിരിക്കും. നിലവിലെ സാഹചര്യത്തില്‍ നിന്നും അവന്‍ മാറണമെന്നാണ് എനിക്ക് തോന്നുന്നത്, മറ്റേതെങ്കിലും രാജ്യത്തേക്ക് മാറിയാല്‍ അത് അവന് ഗുണമാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ പാര്‍ക്കര്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ 38 മത്സരത്തില്‍ നിന്നും 20 ജയവും 12 തോല്‍വിയും ആറ് സമനിലയുമായി 69 പോയിന്റോടെ നാലാം സ്ഥാനത്താണ് ബ്ലൂസ് ഫിനിഷ് ചെയ്തത്. കോണ്‍ഫറന്‍സ് ലീഗ് നേടാന്‍ സാധിച്ചതാണ് ചെല്‍സിയുടെ സീസണിലെ നേട്ടം.

മെയ് 29ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിന് സ്പാനിഷ് ടീമായ റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തിയാണ് ചെല്‍സി കോണ്‍ഫറന്‍സ് ലീഗ് സ്വന്തമാക്കിയത്. ഇതോടെ യുവേഫയുടെ എല്ലാ കിരീടവും സ്വന്തമാക്കുന്ന ആദ്യ ടീമായും ചെല്‍സി മാറിയിരുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗ് (2011/12, 2020/21), യുവേഫ യൂറോപ്പ ലീഗ് (2012/13, 2018/19), യുവേഫ സൂപ്പര്‍ കപ്പ് (1998, 2021), യുവേഫ കപ്പ് വിന്നേഴ്സ് കപ്പ് (1970/71, 19997/98), കോണ്‍ഫറന്‍സ് ലീഗ് (2024/25) എന്നിവയാണ് ചെല്‍സി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തിച്ചത്.

അതേസമയം, സീസണില്‍ അത്ര കണ്ട് മികച്ച പ്രകടനമായിരുന്നില്ല ഗര്‍ണാച്ചോ പുറത്തെടുത്തത്. പ്രീമിയര്‍ ലീഗില്‍ കളിച്ച 36 മത്സരത്തില്‍ നിന്നും ആറ് ഗോളും ഒരു അസിസ്റ്റുമാണ് താരത്തിന് നേടാനായത്. യൂറോപ്പ ലീഗലെ 15 മത്സരത്തില്‍ ഒരു ഗോളും നാല് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.

ആകെ കളിച്ച 58 മത്സരത്തില്‍ നിന്നും 11 ഗോളും 10 അസിസ്റ്റുമായി 21 ഗോള്‍ കോണ്‍ട്രിബ്യൂഷനാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരത്തിന്റെ പേരിലുള്ളത്.

Content Highlight: Paul Parker urges Chelsea not to sign Alejandro Garnacho

We use cookies to give you the best possible experience. Learn more