കൊച്ചി: പോള്‍ എം ജോര്‍ജ് വധക്കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച്ച ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചു. കേസില്‍ സി ബി ഐ. അന്വേഷണം ആവശ്യപ്പെട്ട് പോളിന്റെ പിതാവ് ജോര്‍ജ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അടുത്ത തിങ്കളാഴ്ച്ച വിശദമായ വാദം കേള്‍ക്കും.
ഇന്ന് ജോര്‍ജിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജോര്‍ജിന്റെ ആവശ്യം പരിഗണിക്കുന്നതിനായി കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് ആര്‍ . ബന്നൂര്‍മഠും ജസ്റ്റിസ് ഏ കെ ബഷീറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. കുറ്റപത്രം പരിശോധിച്ച ശേഷം കേസ് സി ബി ഐ അന്വേഷണത്തിന് വിടണമോയെന്ന് തീരുമാനിക്കുമെന്നും വിശദമായ വാദം കേള്‍ക്കുന്നതിന് കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കേസില്‍ കക്ഷിചേരാനും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടും അന്വേഷകര്‍ അഴിമതിക്കാരാണെന്നും മറ്റും അവ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാജു പുഴങ്കര സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി. ഹര്‍ജി അനാവശ്യമാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും കോടതി കണ്ടെത്തി. ഹര്‍ജിക്കാരനില്‍ നിന്ന് കോടതി ചെലവായി 50,000 രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു.