| Tuesday, 27th October 2026, 9:14 am

ചെറുപ്പക്കാരനായ മമ്മൂക്കയെ മേക്കപ്പ് ചെയ്ത് വൃദ്ധനാക്കി, സിനിമാലോകത്ത് എനിക്കൊരു അടയാളം കിട്ടിയത് അദ്ദേഹം കാരണമാണ്: പട്ടണം റഷീദ്

അമര്‍നാഥ് എം.

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് മേക്കപ്പ്. കഥാപാത്രത്തിന്റെ രൂപവും ലുക്കും പ്രേക്ഷകരിലേക്ക് കണക്ടാക്കുന്നതില്‍ മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് വഹിക്കുന്ന പങ്ക് ചെറുതല്ല. സിനിമാ മേക്കപ്പ് ലോകത്ത് നാല് പതിറ്റാണ്ടിനടുത്തായി നിറഞ്ഞുനില്‍ക്കുന്നയാളാണ് പട്ടണം റഷീദ്. നിരവധി സിനിമകളില്‍ മേക്കപ്പ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര മേക്കപ്പ് മാനാകുന്നത്.

പിന്നീടിങ്ങോട്ട് നിരവധി സിനിമകളില്‍ അദ്ദേഹം ഭാഗമായി. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും റഷീദ് മികച്ച സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറ് സ്റ്റേറ്റ് അവാര്‍ഡും ഒരു നാഷണല്‍ അവാര്‍ഡും അദ്ദേഹം തന്റെ ഷെല്‍ഫിലെത്തിച്ചു. തിയേറ്ററില്‍ ചരിത്രവിജയം നേടി മുന്നേറുന്ന ജയിലര്‍ 2 ആണ് റഷീദിന്റെ പുതിയ പ്രൊജക്ട്.

കരിയറില്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇന്‍ഡസ്ട്രിയില്‍ തനിക്ക് ഒരു അടയാളം നല്‍കിയത് മമ്മൂട്ടിയാണെന്ന് പറയുകയാണ് പട്ടണം റഷീദ്. ഒരുപാട് സിനിമകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച തനിക്ക് ബ്രേക്ക്ത്രൂവായത് പൊന്തന്‍മാടയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു പട്ടണം റഷീദ്.

‘സിനിമയില്‍ എനിക്ക് പിടിച്ചുനില്‍ക്കാന്‍ സഹായമായത് മമ്മൂക്കയാണ്. പൊന്തന്‍മാട എന്ന പടത്തില്‍ മമ്മൂക്കയെ വയസനാക്കി കാണിച്ചത് അന്ന് എല്ലാവരെയും ഞെട്ടിച്ച ഒന്നാണ്. ആ പടം വലിയ വിജയമായി, ഒരുപാട് അവാര്‍ഡ് കിട്ടി. ഇന്നും എന്നെ പലരും അറിയുന്നത് മമ്മൂക്കയെ മേക്കപ്പ് ചെയ്ത് വൃദ്ധനാക്കിയ ആളാണ് എന്ന പേരിലാണ്.

അന്ന് ചെറുപ്പമായിരുന്ന മമ്മൂക്കയെ വയസനാക്കി അവതരിപ്പിച്ചത് എനിക്ക് നല്ല ഗുണം ചെയ്തു. ആ പടത്തിലെ വര്‍ക്കിന് ശേഷം മമ്മൂക്ക എന്നെ നല്ല രീതിയില്‍ കെയര്‍ ചെയ്തു. പുള്ളി അമേരിക്കയില്‍ പോയി വന്നപ്പോള്‍ മേക്കപ്പിനെക്കുറിച്ചുള്ള ബുക്കുകളും ഒരുപാട് മെറ്റീരിയലുകളും കൊണ്ടു തന്നിരുന്നു. മമ്മൂക്കക്ക് എന്നെ വലിയ കാര്യമാണ്,’ റഷീദ് പറഞ്ഞു.

മലയാളത്തിനെക്കാള്‍ ഇപ്പോള്‍ തനിക്ക് കൂടുതലും വര്‍ക്കുകള്‍ ലഭിക്കുന്നത് തമിഴില്‍ നിന്നാണെന്നും അദ്ദേഹം പറയുന്നു. അവസാനമായി ചെയ്ത മലയാള സിനിമ തുടരും ആണെന്നും അതിന് ശേഷം മലയാളത്തില്‍ അവസരങ്ങള്‍ ലഭിച്ചില്ലെന്നും റഷീദ് കൂട്ടിച്ചേര്‍ത്തു. തമിഴില്‍ വലിയ സിനിമകളാണ് കൂടുതലായും ചെയ്യുന്നതെന്നും അതെല്ലാം മികച്ച എക്‌സ്പീരിയന്‍സാണെന്നും പട്ടണം റഷീദ് പറഞ്ഞു.

Content Highlight: Pattanam Rashid saying Ponthanmada movie gave breakthrough in his career

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more