| Sunday, 25th October 2026, 11:29 am

സുരാജിന്റെ മുഖത്തുള്ള വെട്ട് നെൽസൺ പറഞ്ഞിട്ടല്ല ഇട്ടത്; ഹക്കീമിന്റെ ആദ്യത്തെ ലുക്ക് എനിക്ക് തന്നെ ഇഷ്ടപ്പെട്ടില്ല: പട്ടണം റഷീദ്

അനുപമ കെ. സീത

തമിഴ് ഇൻഡസ്ട്രിയിൽ ചരിത്രവിജയം നേടിക്കൊണ്ട് അനുദിനം റെക്കോഡുകൾ ഭേദിക്കുകയാണ് നെൽസണിന്റെ ജയിലർ 2. റിലീസ് ചെയ്ത് പത്താം ദിവസമെത്തുമ്പോൾ ചിത്രം ആഗോളതലത്തിൽ 600 കോടിയോളം നേടി കഴിഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ഗെറ്റപ്പുകളെക്കുറിച്ചും ഒട്ടേറെ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ മേക്കപ്പ് ചെയ്തിട്ടുള്ള പട്ടണം റഷീദാണ് സിനിമയിൽ രജനികാന്ത്, ഹക്കീം ഷാ, സൂരജ് വെഞ്ഞാറമൂട്, വിദ്യാ ബാലൻ, എസ്.ജെ.സൂര്യ തുടങ്ങിവർക്ക് മേക്കപ്പ് ചെയ്തത്. ക്ലബ്ബ് എഫ്.എമ്മിനോട് ജയിലർ 2ൽ മേക്കപ്പ് ചെയ്തതുമായ് ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു പട്ടണം റഷീദ്.

‘രജനി സാറിനു മേക്കപ്പ് ചെയ്യാൻ അധികം സമയം എടുക്കാറില്ല ഒരു ഇരുപത്തഞ്ചു മിനുറ്റിലൊക്കെ തീരും. ഒൻപത് മണിക്ക് പറഞ്ഞാൽ വിത്ത് മേക്കപ്പോടെ അദ്ദേഹം ലൊക്കേഷനിൽ റെഡിയായിരിക്കും. കസേരയിട്ട് അവിടെത്തന്നെ എവിടെയെങ്കിലും മാറിയിരിക്കും. അല്ലെങ്കിൽ ബെഞ്ചിൽ കിടക്കും. അല്ലാതെ ഓരോ ഷോട്ട് കഴിയുമ്പോഴും കാരവനിൽ പോയിരിക്കില്ല.

സുരാജിന്റെ ഡ്യൂപ്ലിക്കേറ്റ് തലയുണ്ടാക്കാൻ ഏകദേശം ഒരാഴ്ചയെടുത്തു. വിദ്യാ ബാലന്റെ പൊള്ളിയ മുഖം പത്ത് മിനുറ്റ് കൊണ്ടാണ് ചെയ്തത്, വിഗ്ഗ് വെച്ചത് അവരുടെ തന്നെ ബോംബെയിലുള്ള സ്റ്റൈലിസ്റ്റാണ്. രാജേഷ് മാധവന്റെ ലുക്ക് ഞാനാണ് നിശ്ചയിച്ചത്.

ജയിലർ 2.Photo.Screen Grab/Facebook.com

ഹക്കീമിന് ആദ്യം ഈ വേഷം ആയിരുന്നില്ല. അയാളെ ആദ്യത്തെ ലുക്ക് ഞാൻ ചെയ്തപ്പോൾ എനിക്ക് തന്നെ ഇഷ്ടപ്പെട്ടില്ല. രണ്ട് ലുക്കുകള്‍ പരീക്ഷിച്ചതിന് ശേഷമാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് കൊണ്ടുവന്നത്. അതാണ് ഡയറക്ടർക്ക് ഇഷ്ടപ്പെട്ടത്, അതനുസരിച്ച് അദ്ദേഹത്തിന് റോൾ കൊടുക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

സുരാജിന്റെ കൃതാവ് പ്ലാൻ ചെയ്തതല്ലെന്നും സുരാജിന്റെ മുഖത്തുള്ള വെട്ട് നെൽസൺ പറഞ്ഞിട്ടല്ല ചെയ്തതെന്നും കഥാപാത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി താൻ ഇട്ടുകൊടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല സംവിധായകരും തനിക്ക് ആ സ്വാതന്ത്ര്യം തരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനോടകം ഇരുന്നൂറ്റി മുപ്പതോളം സിനിമകളിൽ അദ്ദേഹം മേക്കപ് ചെയ്തിട്ടുണ്ട്. പരദേശി, ഗുരു, അനന്തഭദ്രം, കുഞ്ഞിക്കൂനൻ, പൊന്തൻമാട, ഇന്ത്യൻ 2, മെർസൽ എന്നിവയാണ് അദ്ദേഹം മേക്കപ് ചെയ്ത മറ്റ് സിനിമകൾ. ഗുരുവിനും കുഞ്ഞിക്കൂനനും, അനന്തഭദ്രത്തിനും സംസ്ഥാന അവാർഡുകളും പരദേശിക്ക് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

Content Highlight: Pattanam Rashid stated that the scar on Suraj’s face was not created at Nelson’s instruction, and admitted that he himself did not like Hakkim’s initial look.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more