| Saturday, 24th October 2026, 8:00 pm

170 ദിവസത്തോളം ജയിലര്‍ 2ല്‍ വര്‍ക്ക് ചെയ്തു, ആ ഒരു മലയാളം നടന്റെ സീനുകള്‍ അവസാന നിമിഷം റീഷൂട്ട് ചെയ്യേണ്ടിവന്നു: പട്ടണം റഷീദ്

അമര്‍നാഥ് എം.

തിയേറ്ററുകളില്‍ ചരിത്രവിജയം നേടി മുന്നേറുകയാണ് ജയിലര്‍ 2. രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത് ആദ്യ വാരത്തിനുള്ളില്‍ തന്നെ 600 കോടിക്കടുത്താണ് ജയിലര്‍ 2 നേടിയത്. തമിഴിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ജയിലര്‍ 2 മാറുമെന്നാണ് കണക്കുകൂട്ടല്‍.

ക്യാമറക്ക് മുന്നിലും പിന്നിലും നിരവധി മലയാളികള്‍ ജയിലര്‍ 2ന്റെ ഭാഗമാണ്. ചിത്രത്തില്‍ മേക്കപ്പ് കൈകാര്യം ചെയ്തവരില്‍ ഒരാളായിരുന്നു പട്ടണം റഷീദ്. മലയാളത്തില്‍ മികച്ച സിനിമകള്‍ക്ക് മേക്കപ്പ് ചെയ്തിട്ടുള്ള പട്ടണം റഷീദ് ജയിലര്‍ 2ന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്. ജയിലറിന്റെ ആദ്യഭാഗത്തില്‍ തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ അത് നടക്കാതെ പോയെന്നും റഷീദ് പറഞ്ഞു.

വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന കഥാപാത്രത്തിന് മേക്കപ്പ് ചെയ്യാനായിരുന്നു തന്നെ വിളിച്ചതെന്നും എന്നാല്‍ മറ്റ് തിരക്കുകള്‍ കാരണം അന്ന് അത് ചെയ്യാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ വിളിച്ചത് വലിയ അവസരമായി കണ്ടെന്നും റഷീദ് പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു പട്ടണം റഷീദ്.

‘ഈ പടത്തിലേക്ക് വിളിച്ചത് വലിയ അവസരമായിട്ടാണ് കണ്ടത്. ഇതില്‍ സുരാജിന്റെ പ്രോസ്‌തെറ്റിക് മേക്കപ്പൊക്കെ ചെയ്തത് ഞാന്‍ തന്നെയായിരുന്നു. സുരാജിന്റെ തലയുടെയും മുഖത്തിന്റെയും മോള്‍ഡ് ഉണ്ടാക്കി അതിനനുസരിച്ചാണ് ആ തല ഉണ്ടാക്കിയെടുത്തത്. സുരാജിന്റെ ലുക്ക് ഒരുപാട് ടെസ്റ്റ് ചെയ്ത ശേഷമാണ് ഇപ്പോഴത്തെ ലുക്കിലെത്തിയത്.

170 ദിവസത്തിനടുത്ത് ഈ സിനിമയില്‍ വര്‍ക്ക് ചെയ്തു. പിന്നീട് റീഷൂട്ടും വേണ്ടിവന്നിരുന്നു. ഹക്കിമിന്റെ ക്യാരക്ടറിന് വീണ്ടും ചില സീനുകള്‍ ലാസ്റ്റ് മിനിറ്റ് എടുക്കേണ്ടി വന്നിരുന്നു. ആ സമയത്ത് ഹക്കിം വേറെ ലുക്കിലായിരുന്നു. അയാളുടെ ആദ്യത്തെ ഗെറ്റപ്പ് എങ്ങനെയാണെന്ന് നോക്കി മനസിലാക്കി, അതിനനുസരിച്ച് ഹെയര്‍സ്‌റ്റൈലും പ്രോസ്‌തെറ്റിക്കുമൊക്കെ ചെയ്യേണ്ടി വന്നു,’ പട്ടണം റഷീദ് പറഞ്ഞു.

ഹക്കിമിന്റെ ആദ്യത്തെ ഗെറ്റപ്പ് ഇങ്ങനെയായിരുന്നില്ലെന്നും ആ ലുക്ക് താന്‍ ചെയ്തതാണെങ്കിലും അതില്‍ തൃപ്തി തോന്നിയില്ലെന്നും പട്ടണം റഷീദ് പറഞ്ഞു. വീണ്ടും രണ്ട് ലുക്കുകള്‍ പരീക്ഷിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ ലുക്കിലെത്തിയതെന്നും അതില്‍ സംവിധായകന്‍ ഓക്കെയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണയായി ഒന്നര മണിക്കൂര്‍ വരെയാണ് ഹക്കിമിനെ മേക്കപ്പ് ചെയ്യാന്‍ എടുത്തതെന്നും പട്ടണം റഷീദ് പറഞ്ഞു.

Content Highlight: Pattanam Rasheed shares the experience of working in Jailer 2 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more