| Thursday, 5th November 2026, 10:53 am

വാസുവണ്ണനായി ഷാജോണ്‍ മേക്കപ്പിട്ട് റിഹേഴ്‌സലൊക്കെ ചെയ്തതായിരുന്നു, സായ് കുമാറിനെ വിളിച്ചത് ദിലീപ്: പട്ടണം റഷീദ്

അമര്‍നാഥ് എം.

സിനിമാലോകത്ത് നാല് പതിറ്റാണ്ടിനടുത്തായി പ്രവര്‍ത്തിക്കുന്നയാളാണ് പട്ടണം റഷീദ്. ഗുരു, കണ്ണകി, അനന്തഭദ്രം തുടങ്ങി നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി പ്രവര്‍ത്തിച്ച പട്ടണം റഷീദ് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും തന്റെ ഷെല്‍ഫിലെത്തിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു.

തിയേറ്ററുകളില്‍ ചരിത്രവിജയമെഴുതിയ ജയിലര്‍ 2ന്റെ മേക്കപ്പ് ചെയ്തിരിക്കുന്നതും പട്ടണം റഷീദാണ്. മലയാളി താരങ്ങളടക്കം പലര്‍ക്കും മേക്കപ്പ് ചെയ്തതിന്റെ അനുഭവം മറക്കാനാകാത്തതാണെന്ന് പട്ടണം റഷീദ് പറഞ്ഞു. മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ചെയ്ത പട്ടണം റഷീദിന്റെ മികച്ച വര്‍ക്കുകളിലൊന്നാണ് കുഞ്ഞിക്കൂനന്‍.

2002ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ വര്‍ക്കിന് മികച്ച മേക്കപ്പ് മാനുള്ള സംസ്ഥാന പുരസ്‌കാരം റഷീദിനെ തേടിയെത്തിയിരുന്നു. ദിലീപ്, സായ് കുമാര്‍ എന്നിവര്‍ക്ക് നല്‍കിയ മേക്കപ്പാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് പട്ടണം റഷീദ്. വാസു അണ്ണന്‍ എന്ന കഥാപാത്രമായി ഷാജോണിനെയായിരുന്നു പരിഗണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു പട്ടണം റഷീദ്.

‘വാസുവണ്ണനായിട്ട് ആദ്യം കാസ്റ്റ് ചെയ്തത് ഷാജോണിനെയായിരുന്നു. വില്ലന്‍ റോളില്‍ അതുവരെ കാണാത്ത ഒരു മുഖം വേണമെന്നുണ്ടായിരുന്നു. ഷാജോണിനെ വാസുവണ്ണനായി മേക്കപ്പൊക്കെ ചെയ്തതാണ്. കണ്ണൊക്കെ ചുവപ്പിച്ച് വില്ലനാക്കി റിഹേഴ്‌സലൊക്കെ ചെയ്തു. പക്ഷേ, എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അയാള്‍ ഓക്കെയായി തോന്നിയില്ല. അതുകൊണ്ട് ഷാജോണിനെ മാറ്റേണ്ടി വന്നു.

ആ സമയത്ത് ദിലീപാണ് സായ്കുമാറിനെ വിളിച്ചത്. ഇതുപോലൊരു വില്ലന്‍ റോളുണ്ട്, വന്ന് ചെയ്യുമോ എന്ന് ചോദിച്ചു. അങ്ങനെയാണ് സായ് കുമാര്‍ ആ പടത്തിലേക്ക് എത്തിയത്. ക്യാരക്ടറിന് വേണ്ടി മുടി മൊട്ടയടിച്ച് കുറ്റിയാക്കി, വെപ്പുമീശ കൊടുത്തു. കണ്ണ് ചുവപ്പിക്കാനായിട്ട് ചുണ്ടപ്പൂവാണ് ഉപയോഗിച്ചത്. പക്ഷേ, ആദ്യത്തെ ദിവസം ചുണ്ടപ്പൂവ് കിട്ടിയില്ല. ഷൂട്ട് നടക്കുന്ന വീടിന്റെ മുന്നില്‍ വഴുതനയുടെ പൂവ് ഉണ്ടായിരുന്നു. അത് കണ്ണില്‍ തേച്ചു. പിന്നീട് ചുണ്ടപ്പൂവ് കിട്ടിയപ്പോള്‍ അത് ഉപയോഗിച്ചു,’ പട്ടണം റഷീദ് പറഞ്ഞു.

കുഞ്ഞിക്കൂനനിലെ വാസുവണ്ണനായി തന്നെ ആദ്യം കാസ്റ്റ് ചെയ്തിരുന്നെന്ന് അടുത്തിടെയാണ് ഷാജോണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയും അരങ്ങേറി. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കപ്പ്മാനും കൂടി ഇക്കാര്യം പറഞ്ഞതോടെ കുഞ്ഞിക്കൂനന്‍ വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

Content Highlight: Pattanam Rasheed saying Kalabhavan Shajon was the first option for Villain role in Kunjikoonan movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more