| Tuesday, 22nd April 2025, 12:00 pm

പട്ടാമ്പി ആമയൂർ കൂട്ടക്കൊലക്കേസ്; പ്രതിയുടെ വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ടാമ്പി: പട്ടാമ്പി ആമയൂർ കൂട്ടക്കൊലക്കേസ് പ്രതി റെജികുമാറിന്റെ വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി. 2008ൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് പ്രതിയുടെ ശിക്ഷ ഇളവ് ചെയ്തിരിക്കുന്നത്. കേസിലെ ഏകപ്രതിയാണ് റെജികുമാര്‍.

വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. ജയിലിലായിരുന്ന കാലയളവില്‍ പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്ന വിലയിരുത്തലിലാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്.

തന്റെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റെജികുമാർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അതിനാൽ വധശിക്ഷ റദ്ദാക്കണമെന്നും പ്രതി ആവശ്യപ്പെട്ടു.

കേരളത്തിലേറെ കോളിളക്കം സൃഷ്‌ടിച്ച കേസായിരുന്നു ഇത്. കൂട്ടക്കൊലക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതി പാലാ ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാറിന് പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ആർ നടരാജൻ വധശിക്ഷ വിധിച്ചിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. ഈ വിധിയാണിപ്പോൾ സുപ്രീം കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

2008 ജൂലൈ എട്ടിനും 22നും ഇടക്കുള്ള ദിവസങ്ങളിൽ പാലാ ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാർ (40) ഭാര്യ ലിസി (38), മക്കളായ അമലു (12), അമൽ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ലിസിയുടെ ജഡം സെപ്ടിക് ടാങ്കിലും അമലിന്റെയും അമന്യയുടെയും ജഡങ്ങൾ വീടിനടുത്തെ പൊന്തക്കാട്ടിലും അമലുവിന്റെ മൃതദേഹം വീട്ടിനുള്ളിലുമാണ് കണ്ടെത്തിയത്.

ഐ.പി.സി 302-ാം വകുപ്പുപ്രകാരം കൊലപാതകം, 326-ാം വകുപ്പ് ബലാൽസംഗം, 201-ാം വകുപ്പനുസരിച്ച് തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരുന്നത്.

മൂത്തമകളായ അമലുവിനെ പ്രതി പലതവണ പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ടായിരുന്നു. എന്നാൽ ഈ കേസ് തെളിയിക്കാൻ സാധിച്ചിരുന്നില്ല. 89 സാക്ഷികളുള്ള കേസിൻ്റെ വിചാരണ കഷ്ടിച്ച് രണ്ടുമാസംകൊണ്ടാണ് പൂർത്തിയാക്കിയത്. ഷൊറണൂർ ഡി.വൈ.എസ്.പി.യായിരുന്ന സി.കെ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്.

Content Highlight: Pattambi Amayur massacre case; Supreme Court quashes death sentence of accused

We use cookies to give you the best possible experience. Learn more