| Sunday, 5th April 2026, 7:29 am

പെഗാസസിനെയും സഞ്ചാര്‍ സാഥിയെയും ഓര്‍മിപ്പിച്ച ട്രെയ്‌ലര്‍, പേട്രിയറ്റ് പറയുന്നത് തൊട്ടാല്‍ പൊള്ളുന്ന വിഷയമാണെന്ന് ഉറപ്പിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

മോളിവുഡിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായി ഒരുങ്ങുന്ന പേട്രിയറ്റിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. 18 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ട് വ്യത്യസ്ത ലൊക്കേഷനുകളില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും ഒരേസമയം ലോഞ്ച് ചെയ്ത ട്രെയ്‌ലറായി പേട്രിയറ്റ് മാറി.

അനൗണ്‍സ്‌മെന്റിന് ശേഷം സോഷ്യല്‍ മീഡിയയില്‍ അധികം ചലനമുണ്ടാക്കാതിരുന്ന ചിത്രത്തിന് വീണ്ടും ഹൈപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഓവര്‍ ദി ടോപ് മാസ് മൊമന്റുകളില്ലാതെ ക്ലാസായി വന്ന ട്രെയ്‌ലര്‍ കഥയെക്കുറിച്ച് കൂടുതല്‍ സൂചന നല്‍കാതെയാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ ട്രെയ്‌ലര്‍ റിലീസിന് ശേഷം മറ്റൊരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

പേട്രിയറ്റ് Photo: Anto Joseph Film Company/ Facebook

ചിത്രത്തില്‍ പറയുന്ന രണ്ട് ഗവണ്മെന്റ് പ്രൊജക്ടുകളുടെ പേരാണ് പലരും ചര്‍ച്ചയായിക്കിയിരിക്കുന്നത്. ചിത്രത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ പെരിസ്‌കോപ് എന്ന പ്രൊജക്ടും സമാജ് സേവ എന്ന ആപ്പിന്റെ പേരും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ രണ്ട് സോഫ്റ്റ്‌വെയറിന്റെ പേരുമായി സാമ്യമുള്ളവയാണ്. ഇന്ത്യയിലെ ജേര്‍ണലിസ്റ്റുകളെയും പ്രതിപക്ഷ നേതാക്കളെയും രഹസ്യമായി നിരീക്ഷിക്കുന്ന പെഗാസസ് സോഫ്റ്റ്‌വെയറിനെ പെരിസ്‌കോപ്പ് ഓര്‍മപ്പെടുത്തുന്നുണ്ട്.

ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ ഫോണിലും കേന്ദ്ര ഗവണ്മെന്റിന്റെ സഞ്ചാര്‍ സാഥി എന്ന ആപ്പ് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന വാര്‍ത്തയും ഒരുപാട് വിവാദമായിരുന്നു. എന്നാല്‍ ഫോണ്‍ കമ്പനികള്‍ ഇതിന് സമ്മതിക്കാത്തതോടെ നിയമം പിന്‍വലിക്കുകയും ചെയ്തു. സാധാരണക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നായിരുന്നു സഞ്ചാര്‍ സാഥിക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം.

പേട്രിയറ്റ് Photo: P Adarsh/ Facebook

പേട്രിയറ്റില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്ന ഫഹദിന്റെ കഥാപാത്രം വലിയ ഹൈപ്പില്‍ ലോഞ്ച് ചെയ്യുന്ന സമാജ് സേവ എന്ന ആപ്പിന് സഞ്ചാര്‍ സാഥിയുമായി ചെറുതല്ലാത്ത സാമ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് പേട്രിയറ്റ് കൈകാര്യം ചെയ്യുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാല്‍ ഇതാണ് കഥയെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് ഉറപ്പായും ഒരുപാട് ഭാഗങ്ങളില്‍ കത്തിവെക്കുമെന്നാണ് പലരും കമന്റ് ബോക്‌സില്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ തന്നെ സാധ്യതയുണ്ടാകില്ലെന്നും ജന നായകന്‍ പോലുള്ള സിനിമകളെ ഉദാഹരണമാക്കിക്കൊണ്ട് കമന്റുകളുണ്ട്.

പേട്രിയറ്റ് Photo: Screen grab/ Anto Joseph Film Company

ഡിഫന്‍സ് ഉദ്യോഗസ്ഥനായ ഡാനിയല്‍ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേണല്‍ റഹീം നായിക്കായി മോഹന്‍ലാലും പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, രാജീവ് മേനോന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Patriot trailer started new discussion about Pegasus and Sanchar Saathi app

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more