| Thursday, 2nd October 2025, 4:38 pm

മമ്മൂക്കയുടെ കാലല്ലേ ഫൈറ്റിനിടയില്‍ തെറിച്ചുപോയത്, പാട്രിയറ്റ് ടീസര്‍ തട്ടിക്കൂട്ടെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം ഇന്‍ഡസ്ട്രിയുടെ അഭിമാന പ്രൊജക്ടായി ഒരുങ്ങുന്ന ചിത്രമാണ് പാട്രിയറ്റ്. ഇന്‍ഡസ്ട്രിയുടെ ബിഗ് എംസ് ആയ മമ്മൂട്ടിയും മോഹന്‍ലാലും 11 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇരുവര്‍ക്കുമൊപ്പം പാന്‍ ഇന്ത്യന്‍ സെന്‍സേഷന്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. കഥയെക്കുറിച്ച് യാതൊരു സൂചനയും നല്കാത്ത ടൈറ്റില്‍ ടീസറില്‍ പ്രധാന കഥാപാത്രങ്ങളെ വെറുതേ കാണിച്ചുപോവുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും ഹൈപ്പേറിയ സിനിമയുടെ ആദ്യ ടീസര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഇത്രയും ഹൈപ്പുള്ള സിനിമയായിട്ടുകൂടി വെറും തട്ടിക്കൂട്ട് ടീസറാണ് അണിയറപ്രവര്‍ത്തകര്‍ സമ്മാനിച്ചതെന്നാണ് പലരുടെയും അഭിപ്രായം. കണ്ടുമടുത്ത സ്‌പൈ ആക്ഷന്‍ സിനിമകളുടെ അതേ ടെംപ്ലേറ്റ് തന്നെയാകും പാട്രിയറ്റിന്റേതെന്നാണ് ആരാധകര്‍ പറയുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ഷോട്ട് മാത്രമാണ് ടീസറില്‍ കൊള്ളാവുന്നതെന്നും പറയുന്നവരുണ്ട്.

ആക്ഷന്‍ സീനുകളും ട്രോളിന് വിധേയമാകുന്നുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആക്ഷന്‍ സീനിന് പെര്‍ഫക്ഷനില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായം പറയുന്നത്. ഫൈറ്റിനിടയില്‍ മമ്മൂട്ടിയുടെ കാല് തെറിച്ചുപോകുന്നുണ്ടെന്നും ഗ്രാഫിക്‌സ് മര്യാദക്ക് ചെയ്തുകൂടെയെന്നും ചിലര്‍ ചോദിക്കുന്നു. താടി വെച്ച പട്ടാളക്കാരനായെത്തിയ മോഹന്‍ലാലിന്റെ സീനുകള്‍ക്കും യാതൊരു ഇംപാക്ടുമില്ലെന്നും ചില പേജുകളില്‍ ട്രോളുകള്‍ വരുന്നുണ്ട്.

മിലിട്ടറി ഇന്റലിജന്‍സില്‍ പണ്ടത്തെ പുലികളായ രണ്ട് സുഹൃത്തുക്കള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മിഷന് വേണ്ടി ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ കഥയെന്ന് ടീസര്‍ സൂചന നല്‍കുന്നു. ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകാത്തതിനാല്‍ വെറും ടീസര്‍ മാത്രം കണ്ട് സിനിമയെ വിലയിരുത്തരുതെന്നും മികച്ച ചിത്രമാകും പാട്രിയറ്റെന്നും മറ്റൊരു കൂട്ടം ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

നയന്‍താരയാണ് ചിത്രത്തിലെ നായിക. സംവിധായകനും നടനുമായ രാജീവ് മേനന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പാട്രിയറ്റില്‍ വേഷമിടുന്നുണ്ട്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം. കഥ, സംവിധാനം, എഡിറ്റിങ് എന്നിവ നിര്‍വഹിക്കുന്നത് മഹേഷ് നാരായണനാണ്. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രം 2026 വിഷുവിന് തിയേറ്ററുകളിലെത്തും.

Content Highlight: Fans saying that Patriot teaser didn’t meet their expectations and get trolls

We use cookies to give you the best possible experience. Learn more