| Sunday, 5th April 2026, 9:10 am

ഇപ്പം ലേശം ഹൈപ്പ് തോന്നുന്നുണ്ട്; സോഷ്യല്‍ മീഡിയ നിറഞ്ഞ് പേട്രിയറ്റ് ട്രെയ്‌ലര്‍

അശ്വിന്‍ രാജേന്ദ്രന്‍

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ നെടുംതൂണുകളായ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയോടെ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു പേട്രിയറ്റ്. മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, ദര്‍ശന രാജേന്ദ്രന്‍, രേവതി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയതോടെ മലയാളത്തിലെ തന്നെ വരിനിരിക്കുന്ന വമ്പന്‍ ചിത്രമായി പേട്രിയറ്റ് മാറിയിരുന്നു.

പേട്രിയറ്റ് ട്രെയ്‌ലര്‍. Photo: X.com

120 കോടിയോളം ചെലവിട്ട് വമ്പന്‍ മുതല്‍മുടക്കിലെത്തുന്ന ചിത്രത്തിനെതിരെ പലപ്പോഴും ഉയര്‍ന്ന വിമര്‍ശനമാണ് ബിഗ് കാസ്റ്റിലൊരുങ്ങുന്ന ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ ഹൈപ്പ് ഉയര്‍ത്താന്‍ പറ്റുന്നില്ലെന്നത്. ട്രെയ്‌ലറിന് മുമ്പ് പുറത്തുവന്ന പോസറ്ററുകളും ടീസറുകളും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതായിരുന്നു ഇതിന്റെ പ്രധാന കാരണം. മലയാളത്തിലെ ചെറിയ ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന ഹൈപ്പ് ബിഗ് എംസിനെ വെച്ചുള്ള ചിത്രത്തിന് സാധിക്കാത്തതില്‍ നിര്‍മാതാവ് ആന്റോ ജോസഫ് അടക്കമുള്ളവര്‍ക്ക് നേരെ ട്രോളുകളും ഉയര്‍ന്നിരുന്നു.

ഇതിനെല്ലാം മറുപടിയായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച്. മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരേ സമയം രണ്ട് സ്ഥലത്ത് ട്രെയ്‌ലര്‍ റിലീസ് ചെയ്തുകൊണ്ടായിരുന്നു ബിഗ് എംസ് കരുത്ത് തെളിയിച്ചത്. ആയിരത്തിലേറെ കപ്പാസിറ്റിയുള്ള എറണാകുളം കവിതയില്‍ മോഹന്‍ലാലിന്റെ സാന്നിധ്യത്തിലും തൃശൂര്‍ രാഗത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തിലുമായിരുന്നു ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. തിങ്ങിനിറഞ്ഞ തിയേറ്ററില്‍ വലിയ ആരവത്തോടെയായിരുന്നു പ്രേക്ഷകര്‍ അപ്‌ഡേറ്റിനെ സ്വീകരിച്ചത്.

ഇതോടൊപ്പം തന്നെ ആറ് മണിയോടെ വീഡിയോ യൂട്യൂബിലും പ്രത്യക്ഷപ്പെട്ടതോടെ മലയാള സിനിമാലോകം പേട്രിയറ്റിനെ ഏറ്റെടുക്കുകയായിരുന്നു. മിനുട്ടുകള്‍ക്കകം തന്നെ ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളാല്‍ സോഷ്യല്‍ മീഡിയ നിറയുകയും ഇതുവരെ ചിത്രത്തിന് ലഭിച്ചതിന്റെ നൂറുമടങ്ങ് സ്വീകാര്യത ചിത്രത്തിന് ലഭിക്കുകയും ചെയ്തു. ഇത്രയും കാലം ഹൈപ്പില്ലെന്ന് പറഞ്ഞ പരാതികളെയും വിമര്‍ശനങ്ങളെയുമെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു അണിയറപ്രവര്‍ത്തകരുടെ നീക്കം. ഇതോടൊപ്പം മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, സുഷിന്‍ ശ്യാം, മഹേഷ് നാരായണന്‍ തുടങ്ങി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെല്ലാം ചേര്‍ന്നെടുത്ത ഫോട്ടോയും വൈറലായിരുന്നു.

അണിയറപ്രവര്‍ത്തകരെല്ലാം ചേര്‍ന്നെടുത്ത ഫോട്ടോ. Photo: AB George/ X.com

സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രം ഏപ്രില്‍ 22നായിരുന്നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് റിലീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മെയ് ഒന്നിലേക്ക് മാറ്റിവെച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലറില്‍ കേന്ദ്രഗവണ്‍മെന്റ് പദ്ധതികളായി പരാമര്‍ശിച്ച സമാജ് സേവ എന്ന ആപ്പും പെരിസ്‌കോപ്പ് എന്ന പ്രൊജക്ടും ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച സഞ്ചാര്‍ സാഥിയും പെഗാസസുമായി ബന്ധമുള്ളതിനാല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തെ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയും പ്രേക്ഷകര്‍ക്കുണ്ട്.

Content Highlight: Patriot Movie trailer goes viral on social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more