| Friday, 2nd January 2026, 10:47 pm

അപ്പോ ഇനി ഏപ്രിലില്‍ തിയേറ്ററില്‍ കാണാം, 140 ദിവസത്തെ ഷൂട്ടിനൊടുവില്‍ പാട്രിയറ്റിന് പാക്ക് അപ്പ്

അമര്‍നാഥ് എം.

മോളിവുഡിലെ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിക്കാന്‍ സാധ്യതയുള്ള പ്രൊജക്ടായാണ് പാട്രിയറ്റിനെ സിനിമാപ്രേമികള്‍ കണക്കാക്കുന്നത്. മലയാളസിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരു പതിറ്റാണ്ടിനിപ്പുറം ഒന്നിച്ച് സ്‌ക്രീന്‍ പങ്കിടുന്നു എന്നതാണ് പാട്രിയറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. 2013ലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

140 ദിവസത്തെ ഷൂട്ടിനൊടുവില്‍ ചിത്രത്തിന് പാക്കപ്പായിരിക്കുകയാണ്. എറണാകുളത്തെ സെറ്റിലായിരുന്നു അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയായത്. മമ്മൂട്ടിയുടെ പോര്‍ഷനുകളായിരുന്നു ഏറ്റവുമൊടുവില്‍ ചിത്രീകരിച്ചത്. കഴിഞ്ഞദിവസം പാട്രിയറ്റിന്റെ സെറ്റില്‍ മമ്മൂട്ടി അടക്കമുള്ളവര്‍ പുതുവര്‍ഷമാഘോഷിച്ചതിന്റെ വീഡിയോ വൈറലായിരുന്നു.

പാട്രിയറ്റ് പാക്ക് അപ്പ് Photo: Patriot movie/ Facebook

2025 മാര്‍ച്ചിലാണ് പാട്രിയറ്റിന്റെ ഷൂട്ട് ആരംഭിച്ചത്. ശ്രീലങ്ക, ന്യൂദല്‍ഹി, ഹൈദരബാദ്, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രം പുരോഗമിച്ചത്. പാട്രിയറ്റിന്റെ ഷൂട്ടിനിടയിലായിരുന്നു മമ്മൂട്ടി അസുഖബാധിതനായതും സിനിമയില്‍ നിന്ന് ഇടവേളയെടുത്തതും. ഇക്കാരണം കൊണ്ട് ഷൂട്ട് അവസാനിക്കാന്‍ വൈകുകയായിരുന്നു. ഇടവേള കഴിഞ്ഞ് മമ്മൂട്ടി ആദ്യം ജോയിന്‍ ചെയ്തതും പാട്രിയറ്റിന്റെ സെറ്റിലായിരുന്നു.

വന്‍ ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ഡ്രാമയാണ് പാട്രിയറ്റ്. മിലിട്ടറി പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ ഈ ജനറേഷനിലെ മികച്ച താരങ്ങളായ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പാട്രിയറ്റിന്റെ ഭാഗമാണ്. നയന്‍താരയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

രേവതി, ദര്‍ശന രാജേന്ദ്രന്‍, രജീവ് മേനോന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന രംഗങ്ങള്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കുമെന്ന് ഉറപ്പാണ്. ഡാനിയേല്‍ ജെയിംസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്. കേണല്‍ റഹീം നായിക് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ഒരുകാലത്ത് ഒന്നിച്ച് പ്രവര്‍ത്തിച്ച രണ്ട് സഹപ്രവര്‍ത്തകര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രത്യേക മിഷന് വേണ്ടി ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ കഥ. നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമായാകും ഫഹദ് പാട്രിയറ്റില്‍ വേഷമിടുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഈയടുത്ത കാലത്ത് വന്നതില്‍ വെച്ച് ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റിലെത്തുന്ന ചിത്രമാണ് പാട്രിയറ്റ്.

ടേക്ക് ഓഫ്, സീ യൂ സൂണ്‍, മാലിക്, അറിയിപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രമാണ് പാട്രിയറ്റ്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Patriot movie shoot wrapped after 140 days of shoot

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more