| Tuesday, 27th January 2026, 11:53 am

അന്ന് ‘ട്വൻറി-ട്വൻറി’ ഇന്ന് ‘പാട്രിയറ്റ്’; ആരാധകരെ ശാന്തരാക്കി അണിയറ പ്രവർത്തകർ: പാട്രിയറ്റ് പോസ്റ്റർ ചർച്ചയാക്കി സോഷ്യൽ മീഡിയ

നന്ദന എം.സി

മലയാള സിനിമയുടെ അഭിമാനമായ ബിഗ് ‘എം’സായ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ഓരോ നിമിഷവും ആരാധകർക്കൊരു ആഘോഷമാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘പാട്രിയറ്റ്’ പ്രഖ്യാപിച്ചതുമുതൽ തന്നെ സോഷ്യൽ മീഡിയയിൽ ആവേശവും ചർച്ചകളും നിറഞ്ഞതുമാണ്.

താരങ്ങളുടെ പേരിൽ ആരാധകർക്കിടയിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകുന്നത് പുതുമയല്ല. ‘ട്വൻറി-ട്വൻറി’ മുതൽ ‘പാട്രിയറ്റ്’ വരെ ഈ ഫാൻവാറുകൾ തുടർന്ന് വരുന്നതും മലയാളികൾ കണ്ടതാണ്.

മമ്മൂട്ടി, മോഹൻലാൽ, Photo: IMDb

എന്നാൽ കൗതുകകരമായൊരു വസ്തുത എന്തെന്നാൽ , താരങ്ങൾ തമ്മിൽ എപ്പോഴും സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നപ്പോളും , ആരാധകർ തമ്മിലുള്ള മത്സരമനോഭാവം തുടർന്നുകൊണ്ടേയിരുന്നു.

അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നായിരുന്നു രണ്ടുപേരുടെയും പുതിയ സിനിമകളിലെ കാമിയോറോളുകൾക്ക് ലഭിച്ച വിമർശനങ്ങൾ. മോഹൻലാൽ ആരാധകർ മമ്മൂട്ടിയെ വിമർശിക്കാനും മറന്നില്ല മമ്മൂട്ടി ആരാധകർ മോഹൻലാലിനെ വിമർശിക്കാനും മറന്നില്ല.

‘ട്വൻറി-ട്വൻറി’യുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ, താരങ്ങൾ നിരന്നുനിൽക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയെ നടുവിൽ കൂടുതൽ പ്രാധാന്യത്തോടെ കാണിച്ചുവെന്ന ആരോപണം ഒരു വിഭാഗം മോഹൻലാൽ ആരാധകരിൽ നിന്ന് ഉയർന്നിരുന്നു.

മമ്മൂട്ടി, മോഹൻലാൽ, Photo: Anto Joseph/ Facebook

ഇത് വലിയ ചർച്ചയാകുകയും ചെയ്തു. എന്നാൽ ചിത്രം റിലീസ് ചെയ്തതോടെ, ഫൈറ്റും മാസ് സീക്വൻസുകളും ഉൾപ്പെടെ ലാലേട്ടന്റെ ശക്തമായ പ്രകടനം പ്രേക്ഷകരെ കൈയ്യടിപ്പിച്ചു. അതോടെ ആ വിവാദങ്ങൾ സ്വാഭാവികമായി ശമിക്കുകയും ചെയ്തു.

ഇപ്പോൾ ‘പാട്രിയറ്റ്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ, അണിയറ പ്രവർത്തകരുടെ ബുദ്ധിപരമായ സമീപനമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ആദ്യ പോസ്റ്ററിൽ മമ്മൂട്ടിയും മോഹൻലാലും ചിരിച്ചുകൊണ്ട് ഒരുമിച്ച് നടന്നു വരുന്ന ദൃശ്യമാണ് അവതരിപ്പിച്ചത്. താരവലുപ്പം, കേന്ദ്രസ്ഥാനം തുടങ്ങിയ കാര്യങ്ങളിൽ ഇരു ആരാധകർക്കും പരാതിയില്ലാത്ത തരത്തിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.

Patriot,, Photo: Anto Joseph/ Facebook

എന്നിരുന്നാലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ അവസാനിച്ചിട്ടില്ല. മമ്മൂക്കയാണ് നായകൻ, ലാലേട്ടനാണ് നായകൻ, ഇരുവരും ഒന്നിച്ചാൽ മസ്സായിരിക്കും, ലോകയെ കടത്തിവെട്ടുമോ .. തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നത്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, 13 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

പുറത്തിറങ്ങിയ പോസ്റ്ററുകളിൽ നിന്ന് ഫഹദ് ഫാസിൽ ചിത്രത്തിലെ വില്ലനായിരിക്കാമെന്ന സൂചനകളും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. ചിത്രം ഏപ്രിൽ 23-ന് റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

ഡോക്ടർ ഡാനിയൽ ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടിയും, കേണൽ റഹീം നായിക് ആയി മോഹൻലാലും എത്തുന്ന ‘പാട്രിയറ്റ്’യിൽ രേവതി, ദർശന രാജേന്ദ്രൻ തുടങ്ങി വൻ താരങ്ങളും എത്തുന്നുണ്ട്.

മൊത്തത്തിൽ, പോസ്റ്റർ വിവാദങ്ങൾക്കിടയിലും മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളാലും ‘പാട്രിയറ്റ്’ മലയാള സിനിമയിലെ ഏറ്റവും വലിയ കാത്തിരിപ്പുകളിലൊന്നായി മാറിക്കഴിഞ്ഞു.

Content Highlight: Patriot movie poster is trending on social media

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more