| Wednesday, 1st April 2026, 8:00 pm

മോഹന്‍ലാലിന് മുന്നേ 300 കോടിയടിക്കാന്‍ മമ്മൂട്ടി, പേട്രിയറ്റ് പുതിയ റിലീസ് ഡേറ്റ് പുറത്ത്

അമര്‍നാഥ് എം.

മലയാളത്തിലെ സകല റെക്കോഡും തകര്‍ക്കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് പേട്രിയറ്റിനെ പലരും വിശേഷിപ്പിക്കുന്നത്. അറിയിപ്പിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാത്തിലെ ഏറ്റവും ചെലവേറിയ പ്രൊജക്ടായാണ് ഒരുങ്ങിയത്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലും അതിഥിവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

നാല് രാജ്യങ്ങളിലായി 180 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു പേട്രിയറ്റിന്റേത്. ഈ മാസം 23ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചത്. എന്നാല്‍ ചിത്രം കുറച്ച് വൈകുമെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

മെയ് ഒന്നാണ് പേട്രിയറ്റിന്റെ പുതിയ റിലീസ് ഡേറ്റ്. അനൗണ്‍സ്‌മെന്റ് സമയത്തെ ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ സാധിച്ചാല്‍ ഈ വര്‍ഷത്തെ അടുത്ത ബ്ലോക്ക്ബസ്റ്ററാകാനും ചിലപ്പോള്‍ ഇന്‍ഡസ്ട്രി ഹിറ്റാകാനും സാധ്യതയുള്ള പ്രൊജക്ടാണ് പേട്രിയറ്റ്. പുതിയ റിലീസ് ഡേറ്റ് ചിത്രത്തിന്റെ കളക്ഷനും ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

നേരത്തെ ഏപ്രിലില്‍ പേട്രിയറ്റിന് മുമ്പ് മോഹന്‍ലാലിന്റെ ദൃശ്യം 3 റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ പുതിയ റിലീസ് ഡേറ്റില്‍ ദൃശ്യം 3ക്ക് മുമ്പാണ് പേട്രിയറ്റ് തിയേറ്ററുകളിലെത്തുക. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ കരിയറിലെ ആദ്യ 100 കോടി 300 കോടിയായി മാറ്റാനും മമ്മൂട്ടിക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മഹേഷ് നാരായണന്റെ സ്ഥിരം മേക്കിങ് ശൈലിയില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സ്റ്റാര്‍ഡം ഉപയോഗിക്കുന്ന ചിത്രമാകും പേട്രിയറ്റ്. കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവായ ഡാനിയേല്‍ ജെയിംസെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേണല്‍ റഹീം നായിക് എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്.

ബിഗ് എംസിനൊപ്പം കുഞ്ചാക്കോ ബോബനും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മൂന്ന് സൂപ്പര്‍താരങ്ങളും ഒന്നിക്കുമ്പോള്‍ ഫഹദ് ഫാസിലാണ് ചിത്രത്തിലെ വില്ലനായി വേഷമിടുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ദര്‍ശന രാജേന്ദ്രന്‍, രേവതി, രാജീവ് മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

വലിയ ബോക്‌സ് ഓഫീസ് പൊട്ടന്‍ഷ്യലുണ്ടായിരുന്നിട്ടും സോഷ്യല്‍ മീഡിയയില്‍ വലിയ ചലനമുണ്ടാക്കാന്‍ പേട്രിയറ്റിന് സാധിക്കുന്നില്ല. ആന്റോ ജോസഫ് വേണ്ടരീതിയില്‍ ചിത്രം മാര്‍ക്കറ്റ് ചെയ്യുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Patriot movie new release date out now

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more