| Tuesday, 28th April 2026, 10:25 pm

മമ്മൂക്ക പഴയതിലും അപ്പുറമായിട്ട് തിരിച്ചുവരും മോനെ; ആന്റോ ജോസഫ് പറഞ്ഞതിനെക്കുറിച്ച് പേട്രിയറ്റ് സഹനിര്‍മതാവ്

അശ്വിന്‍ രാജേന്ദ്രന്‍

എന്നും നല്ല ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കേരളത്തിന്റെ ബിഗ് എംസ് ആയ മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങളും എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന പേട്രിയറ്റ് ഇത്തരത്തില്‍ ഏറെ ആവേശത്തോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മലയാള ചിത്രമാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഏറ്റവും കൂടുതല്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രമെന്ന പ്രത്യകതയുമുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ സഹനിര്‍മാതാക്കളിലൊരാളായ സി.ആര്‍ സലീം ഒരിടവേളക്ക് ശേഷം പേട്രിയറ്റിന്റെ സെറ്റിലേക്ക് മമ്മൂട്ടി തിരിച്ചെത്തിയതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പേട്രിയറ്റിന്റെ ഷൂട്ടിനിടെ മമ്മൂട്ടി അസുഖബാധിതനായി ഇടവേളയെടുത്തപ്പോള്‍ നിര്‍മാതാവ് ആന്റോ ജോസഫ് തന്നോട് പറഞ്ഞ വാക്കുകളാണ് റേഡിയോ സുനോയക്ക് നല്‍കിയ അഭിമുഖത്തില്‍ സി.ആര്‍ സലീം പങ്കുവെച്ചത്.

സി.ആര്‍ സലീം. Photo: Screen Grab/ Radio Suno/ Youtube.com

‘മമ്മൂക്കയെ കുറിച്ച് പറയുമ്പോള്‍ പേട്രിയറ്റിന്റെ ഷൂട്ടിനിടെ അദ്ദേഹത്തിന് ഒരു ബ്രേക്ക് ഉണ്ടായിരുന്നു. പക്ഷേ ബ്രേക്കിന് ശേഷം മമ്മൂക്ക വന്ന ഉടനെ തന്നെ സിനിമയില്‍ ജോയിന്‍ ചെയ്യുകയായിരുന്നു. അത് സിനിമയുടെ പ്രൊഡ്യൂസറുമായിട്ടുള്ള അത്രയും അടുത്ത ബന്ധം കൊണ്ടാണ്. ഒരുപാട് നാള്‍ അസുഖബാധിതനായിരുന്നതിന് ശേഷമാണ് മമ്മൂക്ക ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്.

ആന്റോ ജോസഫ് എന്നെ വിളിച്ച് നാളെ ലൊക്കേഷനിലേക്ക് വരണം മമ്മൂക്ക ജോയിന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കാരണം സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല മമ്മൂക്ക ഇത്രയും പെട്ടെന്ന് ജോയിന്‍ ചെയ്യുമെന്ന്. അസുഖത്തിന്റെ ക്ഷീണമൊന്നും വക വെക്കാതെ ക്യാമറയ്ക്ക് മുന്നില്‍ പഴയ മമ്മൂക്കയായി മാറുകയായിരുന്നു. അദ്ദേഹം ബ്രേക്ക് എടുത്ത സമയത്തും ആന്റോ പറഞ്ഞത് മമ്മൂക്ക പഴയതിലും അപ്പുറമായി തിരിച്ചും വരും അതിലൊരു സംശയവും വേണ്ടെന്നാണ്.

കാരണം ഒരു സീനില്‍ ലൊക്കേഷനില്‍ കംപ്ലീറ്റ് പൊടിയായിരുന്നു. എനിക്കൊന്നും അവിടെ നില്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പക്ഷേ ലാലേട്ടനും മമ്മൂക്കയും അവിടെയുണ്ടായിരുന്നു. അതാണ് അവരുടെ സിനിമയോടുള്ള സ്‌നേഹവും ഡെഡിക്കേഷനും,’ സി.ആര്‍ സലീം പറഞ്ഞു.

മമ്മൂട്ടിയും മോഹന്‍ലാലും. Photo: TOI

മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, നയന്‍താര, ഇന്ദ്രന്‍സ്, ദര്‍ശന രാജേന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 120 കോടിയോളം ബജറ്റിലൊരുങ്ങുന്ന ചിത്രം മെയ് ഒന്നിനാണ് തിയേറ്ററുകളിലെത്തുന്നത്.

Content Highlight: patriot co producer CR Saleem talks about Mammootty’s return after break

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more