| Saturday, 29th August 2026, 7:35 pm

ബ്രൂണോ ഫെര്‍ണാണ്ടസ് ഇനി ഈ പുരസ്‌കാരം നേടുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല: മാഞ്ചസ്റ്റര്‍ ഇതിഹാസം

ആദർശ് എം.കെ.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഇനിയൊരിക്കലും പി.എഫ്.ഐ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുണൈറ്റഡ് ഇതിഹാസ താരം പാട്രിസ് എവ്ര.

മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ പുറത്തെടുക്കുന്നുണ്ടെങ്കിലും, ടീമിനെ മൊത്തത്തില്‍ നിയന്ത്രിക്കാനും സഹതാരങ്ങളുടെ കളി മെച്ചപ്പെടുത്താനും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

പാട്രിസ് എവ്ര

‘ബ്രൂണോ വ്യക്തിഗത അവാര്‍ഡുകള്‍ നേടി കൊണ്ടിരിക്കും, എന്നാല്‍ അവന്‍ തന്റെ സഹതാരങ്ങളെ കൂടുതല്‍ നന്നായി കളിപ്പിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതെ, ബ്രൂണോ അസിസ്റ്റുകള്‍ നല്‍കും, ഗോളുകള്‍ നേടും, അതൊക്കെ ശരിയാണ്. എന്നാല്‍ നമ്മള്‍ വഞ്ചന കാണിക്കുന്നത് അവസാനിപ്പിക്കണം.

ഞാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് മുഴുവനായി ചോദിക്കുകയാണ്, ബ്രൂണോ ടീമിന്റെ കളി മെച്ചപ്പെടുത്തുന്നുണ്ടോ? അവന്‍ കളിയെ നിയന്ത്രിക്കുന്നുണ്ടോ? ഇല്ല. എന്നാല്‍ അവന്‍ നിങ്ങള്‍ക്കായി മത്സരങ്ങള്‍ ജയിപ്പിക്കുന്നുണ്ടോ? അതിനുത്തരം അതെ, ജയിപ്പിക്കുന്നുണ്ട് എന്ന് തന്നെയാണ്,’ എവ്ര പറഞ്ഞു.

ബ്രൂണോ ഫെര്‍ണാണ്ടസ്

ബ്രൂണോ ഫെര്‍ണാണ്ടസ് കൂടുതല്‍ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇപ്പോള്‍ അവന്‍ ‘പ്ലെയര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് നേടി കഴിഞ്ഞു, ഇനി അവന്‍ അത് വീണ്ടും നേടുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബ്രൂണോ ടീമിന്റെ ഭാഗമായി മാറണം, ഒരു മയീസ്‌ട്രോയെ പോലെ കളി നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും അവന്‍ മുന്നിട്ടിറങ്ങണം. ഞാന്‍ എന്താണ് പറയുന്നതെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്,’ എവ്ര കൂട്ടിച്ചേര്‍ത്തു.

2025-26 സീസണില്‍ 37 മത്സരങ്ങളില്‍ നിന്ന് 9 ഗോളുകളും 22 അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് ബ്രൂണോ കാഴ്ചവെച്ചത്. പ്രീമിയര്‍ ലീഗില്‍ മാത്രം 21 അസിസ്റ്റുകള്‍ നേടി തിയറി ഹെന്റിയുടെയും കെവിന്‍ ഡി ബ്രൂയ്‌നെയുടെയും റെക്കോര്‍ഡ് തകര്‍ത്ത ബ്രൂണോയ്ക്ക് പി.എഫ്.എ പ്ലെയര്‍ ഓഫ് ദി ഇയര്‍, എഫ്.ഡബ്ല്യു.എ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

ബ്രൂണോ ഫെർണാണ്ടസ്. Photo: Mal/x.com

ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഹള്‍ സിറ്റിയോടേറ്റ 2-0 ത്തിന്റെ തോല്‍വിക്ക് ശേഷം സഹതാരങ്ങളുടെ പ്രകടനത്തെ പരസ്യമായി വിമര്‍ശിച്ച ബ്രൂണോ ഫെര്‍ണാണ്ടസിനെതിരെ മറ്റൊരു യുണൈറ്റഡ് ഇതിഹാസമായ പോള്‍ സ്‌കോള്‍സും രംഗത്തെത്തി.

‘എല്ലാ എവേ മത്സരങ്ങളിലും നമ്മള്‍ എതിരാളികള്‍ക്ക് പന്ത് വെറുതെ വിട്ടുകൊടുക്കുന്നു. ആദ്യ 20 മിനിറ്റില്‍ അവരുടെ ഗോള്‍കീപ്പര്‍ക്കാണ് ഏറ്റവും കൂടുതല്‍ ടച്ചുകള്‍ ലഭിച്ചത്. നമ്മള്‍ കൂടുതല്‍ പ്രസ് ചെയ്യുകയും അഗ്രസീവ് ആവുകയും വേണം. സെറ്റ് പീസുകളില്‍ നിന്ന് ഇതുപോലുള്ള ഗോളുകള്‍ വഴങ്ങുന്നത് അവസാനിപ്പിക്കാന്‍ നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്,’ എന്നാണ് തോല്‍വിക്ക് ശേഷം ക്യാപ്റ്റന്‍ പറഞ്ഞത്.

ഇതിനെതിരെയാണ് സ്‌കോള്‍സ് രംഗത്തെത്തിയത്.

‘അവന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അറിയാന്‍ എനിക്ക് താത്പര്യമുണ്ട്. സ്വന്തമായി മോശം പ്രകടനം നടത്തുമ്പോള്‍, പ്രത്യേകിച്ച് വായ അടച്ചിരിക്കുന്നതാണ് കൂടുതല്‍ നല്ലത്. ആ മത്സരത്തില്‍ അവനും മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്,’ ദി ഗുഡ്, ദി ബാഡ് & ദി ഫുട്‌ബോള്‍ പോഡ്കാസ്റ്റില്‍ സ്‌കോള്‍സ് പറഞ്ഞു.

അതേസമയം, നാളെയാണ് യുണൈറ്റഡ് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. പ്രമോഷന്‍ ലഭിച്ചെത്തിയ ഇപ്‌സിച്ച് ടൗണാണ് എതിരാളികള്‍. പ്രീമിയര്‍ ലീഗ് സീസണില്‍ ടീമിന്റെ ആദ്യ ഹോം മാച്ച് കൂടിയാണിത്.

Content Highlight: Patrice Evra criticize Bruno Fernandes

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more