| Saturday, 24th May 2025, 5:10 pm

ആധുനിക ഭാരതത്തില്‍ പുരുഷാധിപത്യ സങ്കല്‍പങ്ങള്‍ക്ക് സ്ഥാനമില്ല; പട്യാല ജില്ലാ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആധുനിക ഭാരതത്തില്‍ പുരുഷാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പട്യാല ഹൗസ് കോടതി. ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ച് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹരജി തള്ളിയായിരുന്നു കോടതിയുടെ നിരീക്ഷണം. ഉദ്യോഗസ്ഥന്റെ പരാതി ധാര്‍മികമാണെന്നും എന്നാല്‍ നിയമപരമല്ലെന്നും കോടതി പറഞ്ഞു.

ആധുനിക ഭാരതത്തില്‍ ലിംഗപരമായ അപമാനത്തിനും പുരുഷാധിപത്യ സങ്കല്‍പ്പങ്ങള്‍ക്കും സ്ഥാനമില്ലെന്ന് നിയമവ്യവസ്ഥ ഉറപ്പാക്കുന്നുവെന്നും കൊളോണിയല്‍ ശിക്ഷാ നിയമം റദ്ദാക്കിയ ഭാരതീയ ന്യായ സംഹിത നടപ്പിലാക്കിയത് മുതല്‍ ഇത് വ്യക്തമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഏതൊരു സ്ത്രീക്കും അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്ന് കാണിച്ചാണ് കോടതി ഹരജി തള്ളിയത്. യുവതിക്കും കൂടെയുണ്ടായിരുന്ന ആള്‍ക്കുമല്ലാതെ മൂന്നാം കക്ഷിയായ ഒരാള്‍ക്ക് വിവരങ്ങള്‍ തേടാന്‍ നിയമപരമായി അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

‘ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ ഭാര്യയെ, സ്ത്രീക്ക് യാതൊരു പങ്കും ഉത്തരവാദിത്തവും നല്‍കാതെ കവര്‍ന്നെടുക്കുന്നുവെന്ന കാലഹരണപ്പെട്ട ആശയം നിരസിക്കേണ്ടതാണ്. അത് സ്ത്രീകളില്‍ നിന്ന് സ്വാതന്ത്ര്യം എടുത്തുകളയുകയും അവരെ മനുഷ്യത്വരഹിതമാക്കുകയും ചെയ്യുന്നു,’ ജഡ്ജി അഭിപ്രായപ്പെട്ടു.

സ്വകാര്യ തര്‍ക്കങ്ങള്‍ക്കുള്ള അന്വേഷണ ഏജന്‍സികളായോ ആഭ്യന്തര നടപടിക്രമങ്ങളില്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങളായോ പ്രവര്‍ത്തിക്കാന്‍ കോടതികള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Content Highlight:  Patriarchal concepts have no place in modern India: Patiala District Court

We use cookies to give you the best possible experience. Learn more