പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയായ ഹീരാബെന്‍ മോദിയുടെ എ.ഐ വീഡിയോ നീക്കം ചെയ്യാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് പട്‌ന ഹൈക്കോടതി. ബീഹാര്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയാണ് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി. ബജന്ത്രിയാണ് കോണ്‍ഗ്രസിനോട് വീഡിയോ നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.
സെപ്റ്റംബര്‍ 10നാണ് ബീഹാര്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്നിന്റെ രൂപസാദൃശ്യമുള്ള സ്ത്രീയുടെ എ.ഐ. വീഡിയോ പുറത്ത് വിട്ടത്. 36 സെക്കന്റ് ദൈര്‍ഘ്യമുള്ളതായിരുന്നു വീഡിയോ. തന്നെ വോട്ട് നേടാന്‍ ഒരു ഉപകരണമായി ഉപയോഗിക്കരുതെന്ന് മോദിയോട് സ്വപ്നത്തില്‍ പറയുന്നതായാണ് എ.ഐ വീഡിയോയിലുള്ളത്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ‘വോട്ടര്‍ അധികാര്‍’ യാത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ അമ്മയെ അപമാനിച്ചുവെന്ന് ബീഹാറിലെ ഒരു പരിപാടിയില്‍ മോദി പറഞ്ഞിരുന്നു. തന്റെ മരിച്ച് പോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്നും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും രാജ്യത്തെ എല്ലാ അമ്മമാരെയും അപമാനിച്ചെന്നും മോദി വൈകാരികമായി പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബീഹാര്‍ കോണ്‍ഗ്രസ് മോദിയുടെ അമ്മയുടെ വീഡിയോയുമായി രംഗത്തെത്തിയത്. എന്നാല്‍, അത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് മോദിയെ ലക്ഷ്യം വെക്കാന്‍ ലജ്ജരാകരമായ കാര്യങ്ങള്‍ ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
എന്നാല്‍, തങ്ങള്‍ മോദിയോടോ അദ്ദേഹത്തിന്റെ അമ്മയോടോ ഒരു അനാദരവും കാണിച്ചിട്ടില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്.
വീഡിയോയില്‍ ദല്‍ഹി പൊലീസ് സെപ്റ്റംബര്‍ 13ന് കേസെടുത്തിരുന്നു. ബി.ജെ.പി പ്രവര്‍ത്തകനായ സാങ്കേത് ഗുപ്തയുടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് പൊലീസ് കേസ് എടുത്തിരുന്നത്.
Content Highlight: Patna Highcourt orders Bihar Congress to Remove AI Video of PM Narendra Modi and his late mother