| Tuesday, 1st July 2025, 1:12 pm

കീഹോൾ സര്‍ജറി നടത്തിയ രോഗി മരിച്ചു, അനാസ്ഥയെന്ന് കുടുംബം; രാജഗിരി ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശസ്ത്രക്രിയ പിഴവിനെ തുടർന്ന് രോഗി മരിച്ചതായുള്ള കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ ആലുവയിലെ രാജഗിരി ആശുപത്രിക്കെതിരെ കേസ്. എറണാകുളം സ്വദേശി ബിജു തോമസാണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം. ബിജുവിന്റെ സഹോദരന്‍ ബിനു (44) നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പരാതിയിൽ ആശുപത്രിക്കെതിരെ എടത്തല പൊലീസാണ് കേസെടുത്തത്.

നടുവേദനയെ തുടര്‍ന്നാണ് ബിജു കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് കുടംബം ആരോപിക്കുന്നത്. ആന്തരിക രക്തസ്രാവം രോഗിക്ക് ഉണ്ടായെന്ന് ഡോക്ടര്‍ പറഞ്ഞതായി ബിനു പറയുന്നു. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചെന്ന് ഡോക്ടർമാർ സമ്മതിക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളം പുറത്ത് വിട്ടിട്ടുണ്ട്.

ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ മൂലം മറ്റ് രണ്ട് സർജറികൾ കൂടി ചെയ്യേണ്ടി വന്നെന്നും ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് ഡോക്ടർ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും ബിജുവിന്റെ ബന്ധു ന്യൂസ് മലയാളത്തോട് പറഞ്ഞു.

‘ആശുപത്രിയുടെ ഭാഗത്ത് നിന്നും വലിയ അനാസ്ഥയുണ്ടായി. അതോടെ മറ്റ് രണ്ട് സർജറികൾ കൂടി ചെയ്യേണ്ടി വന്നു. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ തന്നെയാണ് മരണകാരണം. ഡോക്ടർ തന്നെ ഞങ്ങളോട് പറഞ്ഞിരുന്നു ഇത്. ആദ്യത്തെ സർജറിയുടെ സമയത്ത് ഒരു കോംപ്ലിക്കേഷൻ ഉണ്ടായെന്ന് അവർ പറഞ്ഞിരുന്നു. ബ്ലീഡിങ് ഉണ്ടായ കാര്യമൊന്നും ഡോക്ടർമാർ അറിഞ്ഞില്ല. 24 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ബ്ലീഡിങ് ഉണ്ടായത് ഡോക്ടർമാർ അറിഞ്ഞത്,’ ബിജുവിന്റെ ബന്ധു പറഞ്ഞു.

നടുവേദനയെ തുടർന്ന് കൊച്ചിയിലെ മറ്റൊരു ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ 25നാണ് ബിജു തോമസ് രാജഗിരി ആശുപത്രിയിൽ എത്തിയത്. രണ്ടുദിവസം കഴിഞ്ഞ്, ന്യൂറോസർജൻ ഡോക്ടർ മനോജിന്റെ നേതൃത്വത്തിൽ കീ ഹോൾ ശസ്ത്രക്രിയ ചെയ്തു.

ശസ്ത്രക്രിയയ്‌ക്ക് ശേഷം റൂമിലേക്ക് മാറ്റിയെങ്കിലും കടുത്ത വയറുവേദന അനുഭവപ്പെട്ടതായി കുടുംബം പറയുന്നു. സ്കാനിങ് ഒന്നും നടത്താതെ ഡോക്ടർ ഗ്യാസിനുള്ള മരുന്ന് നൽകി. പിറ്റേദിവസമാണ് സർജറി നടത്തിയ ഡോക്ടർ എത്തിയത്. അപ്പോഴേയ്ക്കും ബിജുവിന്റെ വേദന കഠിനമായി. തുടർന്ന് നടത്തിയ പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു.

Content Highlight: Patient who underwent keyhole surgery dies; Police register case against Rajagiri Hospital

Latest Stories

We use cookies to give you the best possible experience. Learn more