| Thursday, 18th September 2025, 5:25 pm

മെന്‍ഡിസിനെ തകര്‍ക്കാന്‍ സിസ്സങ്ക; അഫ്ഗാനിസ്ഥാനെതിരെ വേണ്ടത് വെറും...

സ്പോര്‍ട്സ് ഡെസ്‌ക്

വമ്പന്‍ പോരാട്ടമാണ് ഇന്ന് ഏഷ്യാ കപ്പില്‍ നടക്കാനിരിക്കുന്നത്. ബി ഗ്രൂപ്പില്‍ സൂപ്പര്‍ ഫോറിലേക്കുള്ള നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്. മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ അഫ്ഗാനിസ്ഥാന് സൂപ്പര്‍ ഫോറിലേക്കുള്ള തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കൂ.

നിലവില്‍ ശ്രീലങ്ക തങ്ങളുടെ സ്ഥാനം ഉറപ്പിച്ചെങ്കിലും ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് സൂപ്പര്‍ ഫോറില്‍ ഇടം നേടണമെങ്കില്‍ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുകയും വേണം. ഇതോടെ അഫാഗിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്.

ആദ്യ രണ്ട് മത്സരങ്ങളില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക മത്സരത്തിന് ഇറങ്ങുന്നത്. മറുവശത്ത് അഫ്ഗാന്‍ ഒരു വിജയവും തോല്‍വിയുമായാണ് അവസാന ഗ്രൂപ്പ് മത്സരത്തിനായി കളിക്കളത്തില്‍ എത്തുന്നത്.

മത്സരത്തില്‍ ശ്രീലങ്കന്‍ ബാറ്റിങ് നിരയിലെ സൂപ്പര്‍ താരമായ പാത്തും നിസ്സങ്കയെ തേടി ഒരു തകര്‍പ്പന്‍ റെക്കോഡും കാത്തിരിക്കുന്നുണ്ട്. ശ്രീലങ്കയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് നിസ്സങ്കയ്ക്ക് സാധിക്കുക. ഈ നേട്ടത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള കുശാല്‍ മെന്‍ഡിസിനെ മറികടക്കാന്‍ നിസ്സങ്കയ്ക്ക് 23 റണ്‍സ് മാത്രം മതി.

ശ്രീലങ്കയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍, ഇന്നിങ്‌സ്, റണ്‍സ്

കുശാല്‍ പരേര – 83 – 2159

കുശാല്‍ മെന്‍ഡിസ് – 86 – 2090

പാത്തും നിസ്സങ്ക – 69 – 2068

തിലകരത്‌നെ ദില്‍ശന്‍ – 79 – 1889

ദാസുന്‍ ശനക – 100 – 1537

ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാകിസ്ഥാനമാണ് സൂപ്പര്‍ ഫോറില്‍ ഇടം നേടിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യു.എ.ഇയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് കടന്നത്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയും ഒമാനുമാണ് ഏറ്റുമുട്ടുക. നാളെ (വെള്ളി) ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Pathum Nissanka Need 23 Runs To Surpass Kushal Mendis In Great Record Achievement

We use cookies to give you the best possible experience. Learn more