| Thursday, 21st January 2016, 7:00 am

പഠാന്‍കോട്ട്: ആക്രമണം നടത്തിയവരില്‍ രണ്ടുപേര്‍ വ്യോമത്താവളത്തിലുള്ളവരെന്ന് സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഠാന്‍കോട്ടില്‍ ആക്രമണം നടത്തിയ ആറ് ഭീകരരില്‍ രണ്ടുപേര്‍ വ്യോമതാവളത്തിനുള്ളില്‍ ഉള്ളവരാണെന്ന് സംശയിക്കുന്നതായി എന്‍.ഐ.എ. ആക്രമണത്തില്‍ ക്യാമ്പിനകത്തുള്ളവരുടെ പങ്ക് സ്ഥിരീകരിക്കാന്‍ കൊല്ലപ്പെട്ട ഭീകരരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നത്തുന്നതിലൂടെയും ക്യാമ്പിലെ ഉദ്യോഗസ്ഥരെ സൂക്ഷ്മപരിശോധന നടത്തുന്നതിലൂടെയും കഴിയുമെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

നാലു എ.കെ-47 തോക്കുകള്‍ മാത്രമാണ് കണ്ടെടുക്കാന്‍ ആയത് എന്നതാണ് കൊല്ലപ്പെട്ട ഭീകരരില്‍ രണ്ടുപേര്‍ വ്യോമത്താവളത്തിന് അകത്തുള്ളവരാണെന്ന് സംശയിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. നാലു ജെയ്ഷ് ഇ ഹമ്മദ് ഭീകരവാദികളാണ് ഇതു ഉപയോഗിച്ചിരുന്നത്. ഇന്ത്യന്‍ സൈന്യത്താല്‍ കൊല്ലപ്പെട്ട നാലുപേര്‍ക്കെതിരെ മാത്രമാണ് ഇന്റര്‍പോള്‍ ബ്ലാക്ക് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.

വ്യോമത്താവളത്തിനുള്ളില്‍ ഉള്ള രണ്ടുപേരെ കണ്ടെത്തുന്നതിനായി എന്‍.ഐ.എ എയര്‍ബേസിലുണ്ടായിരുന്ന എല്ലാവരേയും പ്രദേശവാസികളെയും സൂക്ഷ്മമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പഠാന്‍കോട്ട് എയര്‍ബേസില്‍ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 3500ഓളം പേരെ ചോദ്യം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജെയ്ഷ് ഇ മുഹമ്മദ് ഭീകരവാദികള്‍ എല്ലാത്ത രണ്ടുപേരെ കണ്ടെത്താനാണ് വിദഗ്ധ പരിശോധന അനിവാര്യമായി വന്നിരിക്കുന്നത്. അടുത്തയാഴ്ച ഫോറന്‍സിക് റിപ്പോര്‍ട്ടു ലഭിക്കുന്നതോടെ വ്യക്തമായ ഉത്തരം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം നടത്തിയവര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ കണ്ടെത്താനും ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ സാധിക്കുമെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more