| Wednesday, 19th November 2025, 9:10 pm

എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുതെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ്; പിന്നാലെ ബി.ജെ.പിയില്‍ ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍ അഖിലിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

നേരത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 മുതല്‍ തുടര്‍ച്ചയായി പത്ത് വര്‍ഷം ഇതേ പദവിയിലിരുന്ന അഖിലിന്റെ കാലുമാറ്റം കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.

മണിക്കൂറുകള്‍ക്ക് മുമ്പ് പോലും കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ അഖില്‍ പങ്കുവെച്ചിരുന്നു.

എന്നും എപ്പോഴും പാര്‍ട്ടിക്കൊപ്പം എന്ന് രാവിലെ പോസ്റ്റ് ചെയ്ത അഖില്‍ വൈകുന്നേരം ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

കുന്നന്താനം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന്റെ ചിത്രം പങ്കിട്ടാണ് അഖില്‍ ഈ വാക്കുകള്‍ കുറിച്ചത്. അഖിലിന്റെ നാടാണ് കുന്നന്താനം.

ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവഗണിച്ചുവെന്ന ആരോപണവും അഖിലുന്നയിച്ചു.

ഇതിനിടെ, കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും ബി.ജെ.പിയില്‍ ചേര്‍ന്നു.ലീഗിന്റെ പാനൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി അംഗമായ ഉമര്‍ ഫാറൂഖാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഈ കൂറുമാറ്റം.

ബി.ജെ.പിയുടെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ഉമര്‍ പറഞ്ഞു. ബി.ജെ.പി കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് ഉമര്‍ ഫാറൂഖിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ബി.ജെ.പിയുടെ കണ്ണൂര്‍ സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ഉമര്‍ ഫാറൂഖ് അംഗത്വം സ്വീകരിക്കുകയായിരുന്നു.

നാല്‍പ്പത് വര്‍ഷക്കാലം താന്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകനായിരുന്നെന്നും നിലവില്‍ പ്രാദേശിക നേതാവ് എന്ന നിലയില്‍ നിന്നും തനിക്ക് ഉയരാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉമര്‍ ഫാറൂഖിനെ പരിഗണിക്കുമെന്ന ബി.ജെ.പി വാഗ്ദാനം നല്‍കിയെന്നാണ് വിവരം.

Content Highlight: Youth Congress leader joins BJP after posting on Facebook that party is always bigger

We use cookies to give you the best possible experience. Learn more