| Wednesday, 15th January 2025, 12:01 pm

പത്തനംതിട്ട പീഡനക്കേസ്: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരത്തിനെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നാട്ടുകാരനും സഹപാഠിയുമാണ് നിലവില്‍ അറസ്റ്റിലായത്. ഇതുവരെ 46 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

കേസില്‍ 58 പേരെയാണ് പൊലീസ് നിലവില്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. തിരിച്ചറിഞ്ഞ പ്രതികളില്‍ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ 30 എഫ്.ഐ.ആറുകളാണ് കേസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

58 പേരില്‍ രണ്ട് പേര്‍ വിദേശത്താണ്. അവരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ അറിയിച്ചിരുന്നു.

കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ഫോണ്‍നമ്പര്‍ സഹിതം പ്രരിപ്പിച്ച അവസാന ലിസ്റ്റിലെ പ്രതികളെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളതെന്നാണ് വിവരം. ജില്ലയ്ക്ക് പുറത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

വിദേശത്ത് പോയവരുള്‍പ്പെടെ കുട്ടി വെളിപ്പെടുത്തിയതനുസരിച്ച് അഞ്ച് വര്‍ഷ കാലയളവില്‍ മറ്റ് ജില്ലകളിലേക്ക് പോയ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യും.

ഇന്നലെ കുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടി നിലവില്‍ സി.ഡബ്ല്യൂ.സി.യുടെ സംരക്ഷണയിലാണ്. കൂടുതല്‍ കൗണ്‍സിലിങ് നല്‍കി കുട്ടിയുടെ മാനസികാരോഗ്യ നില സുരക്ഷിതമാക്കാനുള്ള ശ്രമവും അധികൃതര്‍ നത്തുന്നുണ്ട്.

കുട്ടിയുടെ സുരക്ഷയടക്കമുള്ള കാര്യങ്ങളും നഷ്ടപരിഹാരവുമടക്കം പട്ടികജാതി വകുപ്പും ബാലാവകാശ കമ്മീഷനും ഉറപ്പ് നല്‍കിയിട്ടുണ്ട്.

62 പ്രതികളുണ്ടെന്നായിരുന്നു പെണ്‍കുട്ടിയുടെ പ്രാഥമിക മൊഴി. എന്നാല്‍ അന്വേഷണത്തില്‍ പല ഫോണ്‍ നമ്പറിലും ഇരട്ടിപ്പുണ്ടെന്ന് കണ്ടെത്തിയ പൊലീസ് 58 പ്രതികളെ സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിക്ക് മാനസിക സമ്മര്‍ദമുണ്ടാക്കാതെ കുട്ടിയെ കൗണ്‍സില്‍ ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ തേടാനും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാനുമുള്ള ശ്രമം അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്.

Content Highlight: Pathanamthitta rape case: Two more accused arrested

We use cookies to give you the best possible experience. Learn more