| Monday, 20th January 2025, 9:11 pm

പത്തനംതിട്ട പീഡനക്കേസ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരം ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. പെണ്‍കുട്ടി ഗുരുതരമായ മനുഷ്യാവകാശ ലംഘനം നേരിട്ടുവെന്നും കമ്മീഷന്‍ പറഞ്ഞു.

എഫ്.ഐ.ആറിന്റെ നില, കുട്ടിയുടെ ആരോഗ്യം, മെഡിക്കല്‍ പരിചരണം, കൗണ്‍സിലിങ്, നഷ്ടപരിഹാരം എന്നിവ ഉള്‍പ്പെടെ രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

30 എഫ്.ഐ,ആറുകളിലെ 59 പ്രതികളില്‍ 44 പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പ്രതികള്‍ വിദേശത്ത് ഒളിവിലാണെന്നും ബാക്കി 13 പേരെ ഇനിയും പിടികൂടാനുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പെണ്‍കുട്ടി ഡയറിയില്‍ എഴുതിവെച്ച വിവരങ്ങളുടെയും പ്രതികളുമായി ബന്ധപ്പെട്ടിരുന്ന കുട്ടിയുടെ അച്ഛന്റെ ഫോണിലെ ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റുകള്‍ നടന്നത്. പോക്‌സോ, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് അറസ്റ്റ്.

പെണ്‍കുട്ടി നിലവില്‍ സി.ഡബ്ല്യു.സി സംരക്ഷണയിലാണ്. ഇപ്പോള്‍ 18 വയസ്സുള്ള വിദ്യാര്‍ഥിനിക്ക് വിശദമായ കൗണ്‍സിലിങ് നല്‍കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രതികളില്‍ മിക്കവരും 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. ഒരാള്‍ നിലവില്‍ പോക്സോ കേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. 13 വയസ് മുതല്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

Content Highlight: Pathanamthitta molestation case; The National Human Rights Commission filed a voluntary case

We use cookies to give you the best possible experience. Learn more