| Monday, 9th March 2020, 10:27 am

ഇത്രയും വലിയൊരു വിഷയം നാട്ടില്‍ നടന്നിട്ടും എന്തുകൊണ്ട് അവര്‍ ജില്ലാ ഭരണകൂടത്തെ ബന്ധപ്പെട്ടില്ല; രോഗിയുടെ വാദം തള്ളി പത്തനംതിട്ട കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: തങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും വിമാനത്താവളത്തില്‍ യാത്രാവിവരം അറിയിച്ചിരുന്നെന്നുമുള്ള രോഗിയുടെ വാദം തള്ളി ജില്ലാ ഭരണകൂടം.

ആശുപത്രിയില്‍ സ്വന്തമായി വന്നു എന്നത് ശരിയാണ്. എന്നാല്‍ അത് സ്വന്തം താത്പര്യപ്രകാരമായിരുന്നില്ല, മറിച്ച് ആരോഗ്യവകുപ്പ് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നായിരുന്നെന്നും ജില്ലാകളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

”29 ാം തിയതി കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിയതാണ് ഈ കുടുംബം. ആറാം തിയതിയാണ് ഇവര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ റിപ്പോര്‍ട്ട് ചെയ്യുന്നത് തന്നെ ഇവരുടെ റിലേറ്റിവ് ഒരാള്‍ക്ക് അസുഖം വന്ന് അവര്‍ ആശുപത്രിയിലാവുകയും അവരുടെ ട്രാവല്‍ ഹിസ്റ്ററി പരിശോധിച്ച് അതില്‍ ഇവരുമായി ലിങ്ക് കണ്ടെത്തിയ ശേഷവുമാണ്.

അതിന് ശേഷം ഇവരെ പി.എച്ച്.സിയില്‍ നിന്ന് വിളിച്ചു സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിളിച്ചു സംസാരിക്കുമ്പോഴും ഇവര്‍ പറയുന്നത് ഇവര്‍ മാര്‍ത്തോമ ആശുപത്രിയില്‍ പോയിട്ടുണ്ടായിരുന്നു എന്നും അമ്മയ്ക്ക് ഹൈപ്പര്‍ ടെന്‍ഷന് മരുന്ന് വാങ്ങാന്‍ പോയതാണെന്നുമാണ്.

എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നുള്ളവരുമായി ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ അവിടെ നിന്നും ഡോളോ വാങ്ങിയതായി മനസിലായി. തുടര്‍ന്ന് നിങ്ങള്‍ ഡോളോ വാങ്ങിയത് എന്തിനാണെന്ന് ഫോണ്‍ ചെയ്ത് ചോദിക്കുമ്പോഴാണ് തനിക്ക് തൊണ്ടവേദനയും അമ്മയ്ക്ക് പനിയുമുണ്ടെന്നും പറയുന്നത്. അതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ഓഫീസറും സംഘവും ഇവരോട് തുടര്‍ന്ന് സംസാരിക്കുന്നത്.

ഇത്രയും വലിയ വിഷയം നാട്ടില്‍ നടന്നിട്ട്, ചൈനയിലും ഇറ്റലിയിലും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഇവര്‍ എയര്‍പോര്‍ട്ടില്‍ വന്ന് മുതല്‍ ആറ് ഏഴ് ദിവസം വരെ ജില്ലാ അഡ്മിനിസ്‌ട്രേഷനെയോ അല്ലെങ്കില്‍ ഹെല്‍ത്ത് ഡിപാര്‍മെന്റിനെയോ സമീപിക്കാന്‍ തയ്യാറായില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇത്രയും സ്‌പ്രെഡ് ഒഴിവാക്കാമായിരുന്നു.

മാത്രമല്ല ആശുപത്രിയിലേക്ക് അവര്‍ ആംബുലന്‍സില്‍ വരാന്‍ തയ്യാറായില്ല. സ്വന്തം കാറിലൊക്കെയാണ് വന്നത്. ഇത് ആരേയും കുറ്റപ്പെടുത്തിയതല്ല. പക്ഷേ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു. നിലവിലുള്ള പത്ത് കേസുകളില്‍ രണ്ട് പേരെ മെഡിക്കല്‍ കോളേജിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണെന്നും കളക്ടര്‍ പറഞ്ഞു.

എന്നാല്‍ രോഗലക്ഷണങ്ങളില്ലതിരുന്നതിനാലാണ് ആശുപത്രിയില്‍ പോവാതിരുന്നതെന്ന് കോവിഡ് സ്ഥിരീകരിച്ച റാന്നി സ്വദേശിയുടെ പ്രതികരണം. ഇറ്റലിയില്‍ നിന്നു വരുന്ന വിവരം വിമാനത്താവളത്തില്‍ അറിയിച്ചിരുന്നെന്നും രോഗി പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ച കുടുംബം ഇറ്റലിയില്‍ നിന്നാണ് വരുന്നതെന്ന വിവരം മറച്ചുവെച്ചെന്ന ആരോപണം ഉയരുന്നതിനിടെയാണ് രോഗിയുടെ പ്രതികരണം. തനിക്ക് പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും വിവാഹചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് രോഗിയുടെ വിശദീകരണം.

‘എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ ഓഫീസില്‍ ചെന്നപ്പോഴേ പറഞ്ഞു ഇറ്റലിയില്‍ നിന്നാണ് വരുന്നതെന്ന്. ഞങ്ങള്‍ കയറുന്ന സമയത്ത് ഇത് അത്രതന്നെ അവിടെ പടര്‍ന്നിട്ടില്ല. (ഫെബ്രുവരി)29നാണ് അവിടുന്ന് പോരുന്നത്. ഞങ്ങള്‍ മൂന്നുപേരുടെയും ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലായിരുന്നു. ബന്ധുവിന്റെ ഭര്‍ത്താവിന് പനിവന്ന് ആശുപത്രിയില്‍ പോയപ്പോഴാണ് സഹോദരനും കുടുംബവും ഇറ്റലിയില്‍ നിന്ന് വന്നിട്ടുണ്ടെന്ന് ഇവര്‍ പറയുന്നത്. അപ്പോള്‍ തന്നെ ആരോഗ്യവകുപ്പില്‍ നിന്ന് ഞങ്ങളെ വിളിച്ചു. അപ്പോള്‍ തന്നെ ഞാന്‍ പാസ്പോര്‍ട്ടിന്റെ വിവരങ്ങള്‍ നല്‍കുകയും ചെയ്തു,’ രോഗി പറഞ്ഞു.

ആശുപത്രിയില്‍ പോവാന്‍ വിസമ്മതിച്ചുവെന്ന ആരോഗ്യവകുപ്പിന്റെ വാദത്തെയും രോഗി തള്ളി.

‘അത് തെറ്റായ വാര്‍ത്തയാണ്. ഇറ്റലിയില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ അവര്‍ വീട്ടില്‍ വന്ന് കാര്യങ്ങള്‍ വിശദീകരിച്ചു തന്നു. ഭയപ്പെടാനൊന്നും ഇല്ലെന്നും അവര്‍ പറഞ്ഞു. ഏതെങ്കിലും ചടങ്ങില്‍ പങ്കെടുത്തോ എന്നും ആരോഗ്യവകുപ്പില്‍ നിന്നും ചോദിച്ചിരുന്നു. പള്ളിയിലോ കല്ല്യാണത്തിനോ സിനിമയ്ക്കോ പോയിട്ടില്ല.” രോഗി പറഞ്ഞു.

അതേസമയം ബന്ധുവീടുകളില്‍ പോയിരുന്നെന്നും ഷോപ്പിംഗ് മാളുകളില്‍ പോയിരുന്നുവെന്നും രോഗി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുടുംബത്തിലെ ഏഴുപേര്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഇറ്റലി യാത്ര മറച്ചുവെച്ചാണ് കോവിഡ് ബാധിതര്‍ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെ ചികിത്സിച്ച ഡോക്ടറും രണ്ടു നഴ്സുമാരും നിലവില്‍ നിരീക്ഷണത്തിലാണ്.

രോഗബാധിതര്‍ കോട്ടയത്തും മറ്റും കറങ്ങിയിരുന്നെന്നും രോഗ സാധ്യതകളുണ്ടായിട്ടും അടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ പോകാതിരിക്കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more