ക്രിക്കറ്റിൽ ഒരുപിടി മികച്ച താരങ്ങൾക്കെതിരെ പന്തെറിഞ്ഞ അനുഭവസമ്പത്തുള്ള താരമാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ഇപ്പോൾ താൻ പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടേറിയ താരം ആരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കമ്മിൻസ്.
ഇന്ത്യൻ ടെസ്റ്റ് ഇതിഹാസം ചേതേശ്വർ പൂജാരയെ കുറിച്ചാണ് കമ്മിൻസ് സംസാരിച്ചത്. പ്രൈം വീഡിയോ സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഓസീസ് ക്യാപ്റ്റൻ.
‘ഇന്ത്യയെക്കുറിച്ച് പറയുകയാണെങ്കിൽ ഞാൻ പറയുന്നത് പൂജാരയെ കുറിച്ചാണ്. അദ്ദേഹത്തെ പുറത്താക്കുക വളരെ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിനെതിരെ കളിക്കുമ്പോൾ ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ തുടർച്ചയായി ഉണ്ടാവാറുണ്ട്. 100 ഡോട്ട് ബോളുകൾ നേരിടാൻ അദ്ദേഹം തയ്യാറാണ്. നിങ്ങൾക്ക് എളുപ്പത്തിൽ അദ്ദേഹത്തിൽ നിന്നും ഒരു അവസരം പോലും ലഭിക്കില്ല,’ പാറ്റ് കമ്മിൻസ് പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ തന്റെതായ കയ്യൊപ്പ് എഴുതിച്ചേർത്ത താരമാണ് പൂജാര. 2010ൽ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ പൂജാര 2023 വരെയാണ് ഫോർമാറ്റിൽ കളിച്ചത്.
103 മത്സരങ്ങളിലെ 176 ഇന്നിങ്‌സിൽ നിന്ന് 7195 റൺസ് താരം നേടി. 206* റൺസിന്റെ ഉയർന്ന സ്‌കോറും 43.6 എന്ന മികച്ച ആവറേജുമാണ് ഫോർമാറ്റിൽ താരത്തിനുള്ളത്. 19 സെഞ്ച്വറികളും 35 അർധ സെഞ്ച്വറികളും പൂജാര ടെസ്റ്റിൽ നിന്ന് സ്വന്തമാക്കി.
ഏകദിനത്തിൽ 2013ൽ അരങ്ങേറിയ താരം വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 51 റൺസ് മാത്രമാണ് നേടിയത്. ഐ.പി.എല്ലിൽ 30 മത്സരങ്ങളിൽ നിന്ന് 390 റൺസും താരം നേടി.
ഇന്ത്യക്കുവേണ്ടി ടെസ്റ്റിൽ നിർണായക പ്രകടനമാണ് താരം തന്റെ കരിയറിലൂടെ നീളം കാഴ്ചവെച്ചത്. എന്നിരുന്നാലും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് താരത്തെ പലതവണ ടീമിൽ നിന്ന് തഴഞ്ഞിരുന്നു.
ബോർഡർ ഗവാസ്‌കർ ട്രോഫി മുതൽ നിരവധി പരമ്പരകൾ ഇന്ത്യക്ക് വേണ്ടി വിജയിക്കാനും പൂജാരക്ക് സാധിച്ചു. 2023 ജൂണിൽ ഓവലിൽ ഓസ്‌ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.
സ്വന്തം നാട്ടിൽ 3839 റൺസാണ് റെഡ് ബോളിൽ നിന്ന് താരം സ്വന്തമാക്കിയത്. വിദേശ പിച്ചുകളിലും ആധിപത്യം സ്ഥാപിച്ച് എതിരാളികളെ വിറപ്പിക്കാൻ മുൻപന്തിയിലായിരുന്നു പൂജാര.
ഓസ്‌ട്രേലിയയിൽ 2018-19 സീസണിൽ തന്റെ മൂന്ന് സെഞ്ച്വറി കരുത്തിൽ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആദ്യമായി വിജയിക്കാനും ചരിത്രം കുറിക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് പൂജാര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.
Content Highlight: Pat Cummins talks about Cheteshwar Pujara