ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് തെംബ ബാവുമയുടെ സൗത്ത് ആഫ്രിക്ക കിരീടമണിഞ്ഞിരുന്നു. ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന കിരീടമാണ് ലോര്‍ഡ്‌സില്‍ പ്രോട്ടിയാസ് ശിരസിലണിഞ്ഞത്.
കിരീടത്തിനരികിലേക്ക് ഓടിയെത്തി, കപ്പിനും ചുണ്ടിനും ഇടയില്‍ വിജയം നഷ്ടപ്പെടുത്തുന്ന ചോക്കേഴ്‌സ് എന്ന പരിഹാസങ്ങള്‍ക്കും സൗത്ത് ആഫ്രിക്ക അന്ത്യം കുറിച്ചിരുന്നു.
ഇപ്പോള്‍ സൗത്ത് ആഫ്രിക്കയുടെ കിരീടനേട്ടത്തില്‍ പ്രതികരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. തങ്ങള്‍ ഫൈനലിലെത്താന്‍ എന്തുകൊണ്ടും യോഗ്യരാണെന്ന് സൗത്ത് ആഫ്രിക്ക പ്രകടനങ്ങളിലൂടെ തെളിയിച്ചുവെന്നും അവര്‍ ചാമ്പ്യന്‍മാരാകാന്‍ തീര്‍ത്തും അര്‍ഹരാണെന്നും കമ്മിന്‍സ് പറഞ്ഞു.
‘എല്ലാവരും അല്‍പ്പം വ്യത്യസ്തമാണ്, അവര്‍ തീര്‍ത്തും ശരിയായ രീതിയില്‍ തന്നെയാണ് ഫൈനലിനെത്തിയത്. ഫൈനലില്‍ പ്രവേശിക്കാന്‍ അവര്‍ എന്തുകൊണ്ടും അര്‍ഹരായിരുന്നു. അവര്‍ ഈ കീരീടം സ്വന്തമാക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ കമ്മിന്‍സ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.
സൗത്ത് ആഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയെയും അദ്ദേഹം പ്രശംസിച്ചു. ബാവുമ വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തുവെന്നും അദ്ദേഹത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു എന്നും കമ്മിന്‍സ് അഭിപ്രായപ്പെട്ടു.
‘അദ്ദേഹം വളരെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇക്കാരണം കൊണ്ടുതന്നെ അദ്ദേഹം വളരെ മികച്ച രീതിയില്‍ കളിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ജേതാക്കളായാണ് സൗത്ത് ആഫ്രിക്ക ലോര്‍ഡ്‌സില്‍ കിരീടം ചൂടിയത്. ആദ്യ സീസണായ 2019-21 സീസണില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സൈക്കിളായ 2021-23ല്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ടെസ്റ്റ് മെയ്‌സ് സ്വന്തമാക്കി. ഇതോടെ ഐ.സി.സിയുടെ എല്ലാ കിരീടവും സ്വന്തമാക്കുന്ന ആദ്യ ടീമായും ഏക ടീമായും ഓസ്‌ട്രേലിയ മാറി.
ഇപ്പോള്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയാണ് സൗത്ത് ആഫ്രിക്ക തങ്ങളുടെ സീനിയര്‍ ക്രിക്കറ്റ് കരിയറിലെ രണ്ടാം കിരീടം സ്വന്തമാക്കിയത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യമാരെന്ന ഖ്യാതിയോടെ സിംബാബ്‌വേക്കെതിരായാണ് സൗത്ത് ആഫ്രിക്ക അടുത്ത ടെസ്റ്റ് മത്സരങ്ങള്‍ക്കിറങ്ങുന്നത്. ജൂണ്‍ 28 മുതല്‍ രണ്ട് ടെസ്റ്റുകള്‍ പ്രോട്ടിയാസ് ഷെവ്റോണ്‍സിന്റെ തട്ടകത്തിലെത്തി കളിക്കും.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ പാകിസ്ഥാനാണ് ബാവുമയുടെയും സംഘത്തിന്റെയും ആദ്യ എതിരാളികള്‍. ഒക്ടോബറില്‍ രണ്ട് മത്സരങ്ങള്‍ക്കായി സൗത്ത് ആഫ്രിക്ക പാകിസ്ഥാനില്‍ പര്യടനം നടത്തും.
Content Highlight: Pat Cummins praises South Africa over Test Championship victory