| Thursday, 21st May 2026, 1:30 pm

അവനാണ് ഇന്ത്യയുടെ സൂപ്പർ സ്റ്റാർ: പ്രശംസയുമായി കമ്മിൻസ്

Sudev A

2026 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമാണ് വിരാട് കോഹ്‌ലി നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ 13 ഇന്നിങ്സുകളില്‍ കളിച്ച വിരാട് ഇതുവരെ 542 റണ്‍സ് നേടിയിട്ടുണ്ട്.

ഇപ്പോള്‍ ഈ മിന്നും പ്രകടനം നടത്തികൊണ്ടിരിക്കുന്നതിനിടെ കോഹ്‌ലിയെ പ്രശംസിച്ചിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ്. കോഹ്‌ലിയെ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് കമ്മിന്‍സ് വിശേഷിപ്പിച്ചത്. സ്‌പോര്‍ട്‌സ് തക്കിലൂടെയാണ് ഓസീസ് താരം വിരാടിനെക്കുറിച്ച് സംസാരിച്ചത്.

‘മൂന്ന് ഫോര്‍മാറ്റുകളിലും വിരാട് കോഹ്‌ലിഒന്നാം സ്ഥാനത്താണുള്ളത്. അദ്ദേഹം ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാറാണ്,’ പാറ്റ് കമ്മിന്‍സ് പറഞ്ഞു.

ഈ സീസണില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളുമാണ് മുന്‍ ആര്‍.സി.ബി നായകന്‍ നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 60 പന്തില്‍ പുറത്താവാതെ നേടിയ 105 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 54.20 ശരാശരിയിലും 164.74 സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ ബാറ്റിങ്.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

കൊല്‍ക്കത്തക്കെതിരെ സെഞ്ച്വറി നേടിയ മത്സരത്തില്‍ ഒരു പുത്തന്‍ നേട്ടവും വിരാട് സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ 78 റണ്‍സ് സ്‌കോര്‍ ചെയ്തതോടെ ടി-20യില്‍ 14000 റണ്‍സ് എന്ന നാഴികക്കല്ലാണ് വിരാട് പിന്നിട്ടത്. 409ാം ഇന്നിങ്‌സിലാണ് താരത്തിന്റെ നേട്ടം. ഇതോടെ ഈ നേട്ടത്തില്‍ ഇന്നിങ്സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ എത്തുന്ന താരമെന്ന പട്ടവും വിരാട് സ്വന്തം പേരില്‍ കുറിച്ചു.

വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് കോഹ്ലിയുടെ ഈ കുതിപ്പ്. ഗെയ്ല്‍ 423 ഇന്നിങ്‌സുകളില്‍ കളിച്ചാണ് 14000 ടി – 20 റണ്‍സ് പൂര്‍ത്തിയാക്കിയത്.

അതേസമയം ആര്‍.സി.ബി ഇതിനോടകം തന്നെ പ്ലേ ഓഫിലേക്ക് യോഗ്യത നേടി കഴിഞ്ഞു. പഞ്ചാബ് കിങ്സിനെ വീഴ്ത്തിയാണ് ഈ സീസണില്‍ പ്ലേ ഓഫിലേക്ക് കടക്കുന്ന ആദ്യ ടീമായി ബെംഗളൂരു മാറിയത്.

ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ 26 റണ്‍സിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. ആര്‍.സി.ബി ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ പരാജയപ്പെടാതെ മുന്നേറിയ പഞ്ചാബ് തുടര്‍ച്ചയായ ആറാം തോല്‍വിയാണ് വഴങ്ങിയിരിക്കുന്നത്.

Content Highlight: Pat Cummins praises Indian legend Virat Kohli

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more