| Tuesday, 19th May 2026, 7:11 am

കമ്മിന്‍സിന്റെ വേട്ടയില്‍ ചെന്നൈക്കൊപ്പം കരഞ്ഞ് ഹര്‍ദിക്കും; ക്യാപ്റ്റന്‍ തൂക്കിയത് മിന്നല്‍ റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാറ്റ് കമ്മിന്‍സും കൂട്ടരും വിജയക്കൊടി പറത്തിയത്. ഇതോടെ 2026ലെ ഐ.പി.എല്ലില്‍ പ്ലേഓഫിലെത്താനും ഹൈദരാബാദിന് സാധിച്ചു. പിന്നാലെ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകളും മങ്ങി.

ചെന്നൈ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി വിജയം നേടുകയായിരുന്നു. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സായിരുന്നു. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഏഴ് എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്.

ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തിലെത്താനും കമ്മിന്‍സിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് പാറ്റ് കമ്മിന്‍സിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക്ക് പാണ്ഡ്യയെ മറികടന്നാണ് കമ്മിന്‍സ് രണ്ടാം സ്ഥാനത്തെത്തിയത്.

ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം

ഷെയ്ന്‍ വോണ്‍ – 57

പാറ്റ് കമ്മിന്‍സ്* – 41

ഹര്‍ദിക് പാണ്ഡ്യ – 40

അനില്‍ കുംബ്ലെ – 30

ആര്‍. അശ്വിന്‍ – 25

സഹീര്‍ ഖാന്‍ – 20

യുവരാജ് സിംങ് – 18

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് സഞ്ജു സാംസണ്‍ മികച്ച തുടക്കം നല്‍കിയിരുന്നു. 13 പന്തില്‍ 27 റണ്‍സെടുത്ത് താരം പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കി മൂന്നാം ഓവറില്‍ തന്നെ മടങ്ങി. പിന്നാലെത്തിയ ഉര്‍വില്‍ പട്ടേലിനെ (എട്ട് പന്തില്‍ 13) സാകിബ് ഹുസൈനും കാര്‍ത്തിക് ശര്‍മയെ (19 പന്തില്‍ 32) കമ്മിന്‍സും പുറത്താക്കി.

27 പന്തില്‍ 44 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ശിവം ദുബെ 23 പന്തില്‍ 26 റണ്‍സും നേടി. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ മോശം പ്രകടനം ചെന്നൈയെ തോല്‍വിയിലേക്ക് നയിച്ചതില്‍ പ്രധാനമായിരുന്നു. 21 പന്തില്‍ ബൗണ്ടറികളില്ലാതെ 15 റണ്‍സ് മാത്രമാണ് താരം നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയത് ഇഷാന്‍ കിഷനാണ്. 47 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 70 റണ്‍സാണ് താരം നേടിയത്. 47 റണ്‍സ് നേടിയ ഹെന്റിക് ക്ലാസന്‍ നിര്‍ണായക പ്രകടനമാണ് ഹൈദരാബാദിനായി നല്‍കിയത്.

Content Highlight: Pat Cummins In Great Record Achievement As Captain In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more