| Tuesday, 25th February 2025, 3:53 pm

ഒരേ വേദിയില്‍ കളിക്കുന്നത് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്നു: വിമര്‍ശനവുമായി പാറ്റ് കമ്മിന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ് ഇന്ത്യ. ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഹൈബ്രിഡ് വേദിയായ ദുബായിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

എന്നാല്‍ ഒരേ വേദിയില്‍ കളിക്കുന്നത് ഇന്ത്യക്ക് വലിയ മുന്‍തൂക്കം നല്‍കുമെന്ന് പറയുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. രണ്ടാം കുഞ്ഞിന്റെ ജനനവും കണങ്കാലിനേറ്റ പരിക്കും കാരണം ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കമ്മിന്‍സ് ഒരു ഓസ്‌ട്രേലിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘ടൂര്‍ണമെന്റ് മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് കരുതുന്നു, പക്ഷേ ഒരേ ഗ്രൗണ്ടില്‍ കളിക്കുന്നത് അവര്‍ക്ക് (ഇന്ത്യ) വലിയ നേട്ടം നല്‍കുന്നു. അവര്‍ ഇതിനകം തന്നെ വളരെ ശക്തരായി കാണപ്പെടുന്നു, അവരുടെ എല്ലാ മത്സരങ്ങളും അവിടെ (ദുബായില്‍) കളിക്കുന്നതിന്റെ വ്യക്തമായ നേട്ടം അവര്‍ക്ക് ലഭിച്ചു,’ പാറ്റ് കമ്മിന്‍സ് പറഞ്ഞു.

പരിക്ക് മാറിയ ശേഷം ഐ.പി.എല്ലിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും വേണ്ട തയ്യാറെടുപ്പിലാണ് കമ്മിന്‍സ്. കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ കഴിഞ്ഞ വര്‍ഷം ഹൈദരാബാദിനെ ഐ.പി.എല്‍ ഫൈനലിലേക്ക് നയിച്ചിരുന്നു.

‘വീട്ടിലിരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കണങ്കാലിനേറ്റ പരിക്ക് മാറിവരുന്നു. അതിനാല്‍ ഞാന്‍ ഈ ആഴ്ച ഓടാനും ബൗളിങ് ചെയ്യാനും തുടങ്ങും. അടുത്ത മാസം ഐ.പി.എല്ലും, തുടര്‍ന്ന് ടെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പും വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള ഒരു പര്യടനവുമുണ്ട്, അതിനാല്‍ മുന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്,’ കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ ടൂര്‍ണമെന്റില്‍ നയിക്കുന്നത്. ലാഹോറില്‍ നടന്ന ഇംഗ്ലണ്ടിനെതിരെ മത്സരത്തില്‍ ഓസ്‌ട്രേലിയ മികച്ച വിജയം നേടിയിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിലെ ബി ഗ്രൂപ്പില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയുമാണ് ഏറ്റുമുട്ടാനിരിക്കുന്നത്. റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം നിലവില്‍ മഴ കാരണം തടസപ്പെട്ടിരിക്കുകയാണ്.

Content Highlight: Pat Cummins Criticize Indian Cricket Team

We use cookies to give you the best possible experience. Learn more