| Friday, 28th November 2025, 12:29 pm

കങ്കാരുക്കളെ കീഴടക്കാന്‍ സിംഹങ്ങള്‍ക്ക് വീണ്ടും സുവര്‍ണാവസരം

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസിലെ രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡ് പുറത്ത് വിട്ട് ഓസ്‌ട്രേലിയ. ഓസീസ് ക്യാപ്റ്റനും സൂപ്പര്‍ പേസറുമായ പാറ്റ് കമ്മിന്‍സിനും ജോഷ് ഹേസല്‍വുഡിനും രണ്ടാം മത്സരത്തിലും ഇടം നേടാന്‍ സാധിച്ചില്ല. പരിക്ക് മൂലമായിരുന്നു ഇരുവരും ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ ഇരുവര്‍ക്കും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാത്തത് ഇംഗ്ലണ്ടിന് ആശ്വാസമാണ്.

ഫുള്‍ ഫോമിലുള്ള ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം കമ്മിന്‍സും ഹേസല്‍വുഡും ഒത്തുചേര്‍ന്നിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് ‘ചാരം പോലും വാരിക്കൂട്ടാന്‍’ കിട്ടില്ലായിരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇംഗ്ലണ്ടിന് വലിയ സമാധാനം തന്നെയാണ് കമ്മിന്‍സിന്റെയും ജോഷ് ഹേസല്‍വുഡിന്റേയും വിടവ്.

ആഷസ് ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ 205 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്ട്രേലിയ എട്ട് വിക്കറ്റിന് അനായാസം വിജയം കൈവരിക്കുകയായിരുന്നു.

മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു മത്സരത്തിലെ താരം. ആദ്യ ഇന്നിങ്സില്‍ ഏഴ് വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റും നേടിയാണ് സ്റ്റാര്‍ക്ക് അമ്പരപ്പിച്ചത്. മിന്നും ഫോമിലുള്ള സ്റ്റാര്‍ക്ക് തന്നെയാകും ബൗളിങ് യൂണിറ്റിനെ നയിക്കുന്നത്.

അതേസമയം ബ്രിസ്‌ബെയ്‌നിലാണ് ആഷസിലെ രണ്ടാം മത്സരം നടക്കുന്നത്. ഡെയ്-ലൈറ്റ് ടെസ്റ്റിന് വേണ്ടി വലിയ തയ്യാറെടുപ്പുകളാണ് ഇരു ടീമുകളും നടത്തുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഓസീസ് മുന്നിലാണ്.

ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്

സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്സ് കാരി, ബ്രെന്‍ഡന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയ്ക് വെതറാള്‍ഡ്, ബ്യൂ വെബ്സ്റ്റര്‍

Content Highlight: Pat Cummins and Hazlewood will not be available for the second Test of the 2025-26 Ashes

We use cookies to give you the best possible experience. Learn more