| Thursday, 12th June 2025, 8:44 pm

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രവും ഇവന്‍ തിരുത്തി; പ്രോട്ടിയാസിനെതിരെ കമ്മിന്‍സ് തൂക്കിയത് ഇരട്ട റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്.

നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസിനെ ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ് ഓസ്‌ട്രേലിയ. കങ്കാരുപ്പടയുടെ ബൗളിങ് അറ്റാക്കില്‍ 138 റണ്‍സ് മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേടാന്‍ സാധിച്ചത്. ആറ് വിക്കറ്റ് നേടി ഓസീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സായിരുന്നു. 18.1 ഓവര്‍ എറിഞ്ഞ് 28 റണ്‍സ് വഴങ്ങി 1.80 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

ഇതോടെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് സാധിച്ചിരിക്കുകയാണ്. ലോഡ്‌സില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും മികച്ച ബൗളിന്‍ പ്രകടനം കാഴ്ചവെക്കുന്ന താരമാകാനാണ് ഓസീസ് ക്യാപ്റ്റന് കഴിഞ്ഞത്. ഇതിനുപുറമേ മറ്റൊരു നേട്ടവും കമ്മിന്‍സ് തന്റെ റെക്കോഡ് പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. ഐ.സി.സിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡും കമ്മിന്‍സിന് അക്കൗണ്ടിലാക്കാന്‍ കഴിഞ്ഞു.

ഐ.സി.സിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം

പാറ്റ് കമ്മിന്‍സ് – 6/28 – സൗത്ത് ആഫ്രിക്ക – 2025

കൈല്‍ ജാമിസണ്‍ – 5/31 – ഇന്ത്യ – 2021

കഗിസോ റബാദ – 5/51 – ഓസ്‌ട്രേലിയ – 2025

നഥാന്‍ ലിയോണ്‍ – 4/41 – ഇന്ത്യ – 2023

ടിം സൗത്തി – 4/48 – ഇന്ത്യ – 2021

വിയാന്‍ മുള്‍ഡര്‍ (6), തെംബ ബാവുമ (36), ഡേവിഡ് വെഡ്ഡിങ്ഹാം (45), കൈല്‍ വെരെയെന്നേ (13), മാര്‍ക്കോ യാന്‍സന്‍ (0), കഗീസോ റബാദ (1) എന്നിവരെയാണ് ക്യാപ്റ്റന്‍ പുറത്താക്കിയത്. ഇതോടെ 300 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കാനും ഓസീസ് ക്യാപ്റ്റന് സാധിച്ചിരുന്നു.

ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് വമ്പന്‍ തിരിച്ചടി നല്‍കി തന്നെയാണ് ഓസ്‌ട്രേലിയ ബൗളിങ് തുടങ്ങിയത്. ആദ്യ ഓവറിനെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രമിനെ പൂജ്യം റണ്‍സിന് പുറത്താക്കിയാണ് റിവഞ്ച് എടുത്തത്. തുടര്‍ന്ന് റിയാന്‍ റിക്കില്‍ടണെ 16 റണ്‍സിന് കൂടാരം കയറ്റി സ്റ്റാര്‍ട്ട് വീണ്ടും വിക്കറ്റ് നേടി. മൂന്നാമനായി ഇറങ്ങിയ വിയാന്‍ മുള്‍ഡര്‍ പ്രതീക്ഷയ്ക്ക് ഉയരാതെ ആറ് റണ്‍സിനാണ് പുറത്തായത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു താരം.

പിന്നീട് ഗ്രീസില്‍ എത്തിയ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംമ്പ ബാവുമയാണ് ടീമിനെ തകര്‍ച്ചയില്‍ നിന്നും മുന്നോട്ടു കൊണ്ടുപോയത്. 86 പന്തുകള്‍ കളിച്ച താരത്തെ 36 റണ്‍സിന് മടക്കി അയച്ചാണ് ക്യാപ്റ്റന്‍ കമ്മിന്‍സ് കങ്കാരുപ്പടക്ക് വീണ്ടും ഒരു ബ്രേക്ക് ത്രൂ നല്‍കിയത്. അഞ്ചാമനായി ഇറങ്ങിയ ട്രിസ്റ്റന്‍ സ്റ്റബ്‌സ് വെറും രണ്ട് റണ്‍സിന് മടങ്ങി പ്രോട്ടിയ സഖ്യത്തെ നിരാശപ്പെടുത്തി. ജോഷ് ഹേസല്‍വുഡാണ് താരത്തെ കൂടാരത്തിലേക്ക് മടക്കിയത്.

പ്രോട്ടിയാസിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഡേവിഡ് ബെഡ്ഡിങ്ഹാമിനെ 45 റണ്‍സിന് പുറത്താക്കി കമ്മിന്‍സ് വീണ്ടും വിക്കറ്റ് വീഴ്ത്തി. പിന്നീടങ്ങോട്ട് കമ്മിന്‍സിന്റെ താണ്ഡവത്തില്‍ ചാരമാകുകയായിരുന്നു പ്രോട്ടിയാസ്.

Content Highlight: Pat Cummins Achieve Great Record In World Test Championship Final

We use cookies to give you the best possible experience. Learn more