| Friday, 10th March 2023, 11:20 am

പാറ്റ് കമ്മിന്‍സിന്റെ അമ്മ അന്തരിച്ചു; കറുത്ത ആംബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങി ഓസീസ് താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനും പേസ് ബൗളറുമായ പാറ്റ് കമ്മിന്‍സിന്റെ അമ്മ മരിയ കമ്മിന്‍സ് അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്തു.

മരിയയോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയന്‍ ടീം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരത്തിലെ രണ്ടാം ദിനം കറുത്ത നിറത്തിലുള്ള ആംബാന്‍ഡ് ധരിച്ചാണ് കളത്തിലിറങ്ങിയത്. കമ്മിന്‍സിന്റെ അമ്മയുടെ വിയോഗത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ബി.സി.സി.ഐയും അനുശോചനം രേഖപ്പെടുത്തി.

‘മരിയ കമ്മിന്‍സിന്റെ വിയോഗം ഞങ്ങളെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പാറ്റിന്റെയും കമ്മിന്‍സ് കുടുംബത്തിന്റെയും അവരുടെ സുഹൃത്തുക്കളുടെയും ദുഖത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പങ്കാളികളാവുകയാണ്. അവരോടുള്ള ആദരസൂചകമായി ഇന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങും,’ ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തു.

2005 മുതല്‍ അര്‍ബുധത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മരിയ. ഈയിടെ രോഗം മൂര്‍ഛിക്കുകയായിരുന്നു. അമ്മയുടെ ആരോഗ്യ നില ഗുരുതരമായതോടെ താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിന് പിന്നാലെയാണ് പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയത്. പകരക്കാരനായി സ്റ്റീവ് സ്മിത്ത് ഓസീസിന്റെ ക്യാപ്റ്റനായെത്തുകയായിരുന്നു.

Content Highlights: Pat Cummin’s Mother passed away

Latest Stories

We use cookies to give you the best possible experience. Learn more